എമര്‍ജിങ് ഏഷ്യ കപ്പില്‍ ഒമാന്‍ എയും ഇന്ത്യ എയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിനാണ് ഇന്ത്യ ഒമാനെ തളച്ചത്.
ഇന്ത്യന്‍ ബൗളിങ് നിരയുടെ മികച്ച പ്രകടനമാണ് ഒമാനെ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്. ഗുര്‍ജപ്നീത് സിങ്, ആയുഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. വൈശാഖ് വിജയ് കുമാര്‍, ഹര്‍ഷ് ദുബെ, നമന്‍ ദിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വിജയലക്ഷ്യം എളുപ്പം മറികടക്കും എന്നാണ് കരുതുന്നത്. ഇന്ത്യയുടെ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശി ഈ മത്സരത്തിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
നേരത്തെ യു.എ.ഇക്കെതിരെ 42 പന്തില്‍ നിന്ന് 144 റണ്‍സ് നേടിയ തകര്‍പ്പന്‍ പ്രകടനം താരം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 15 കൂറ്റന്‍ സിക്‌സറുകളും 11 ഫോറുകളും അടക്കമായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. അതേസമയം പാകിസ്ഥാന്‍ എതിരായ കഴിഞ്ഞ മത്സരത്തില്‍ വൈഭവ് 45 റണ്‍സായിരുന്നു നേടിയത്. ഒമാനെതിരെ വൈഭവ് സെഞ്ച്വറി നേടുമോ എന്നത് കണ്ടറിയേണ്ടിവരും.
അതേസമയം ബാറ്റിങ്ങില്‍ ഒമാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് വസീം അലിയാണ്. 45 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം അടിച്ചെടുത്തത്. 120 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ ബാറ്റിങ്. കൂടാതെ ഓപ്പണര്‍ ഹമ്മദ് മിശ്ര 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 200 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ കരുത്തില്‍ മാത്രമാണ് ഒമാനിന് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിലവില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സാണ് നേടിയത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ 10 റണ്‍സിനാണ് ഇന്ത്യക്ക് നഷ്ടമായത്.
Content Highlight: India A Needed 136 Runs To Win Against Oman