ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട ജോസ് ചെല്ലപ്പന്‍ പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ആലപ്പുഴയിലെ അനിശ്ചിതത്വം അവസാനിച്ചത്.
ഈ മാസം 26ന് നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ജോസ് ചെല്ലപ്പന്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യും. ഉപാധികളോടെയാണ് ജോസിന്റെ പിന്തുണ. വൈസ് ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്.
‘ആലപ്പുഴയുടെ വികസനം നടപ്പിലാക്കാന്‍ യു.ഡി.എഫിന് സാധിക്കും. വികസനമാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടാണ് യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്,’ ജോസ് ചെല്ലപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം മുസ്‌ലിം ലീഗും വൈസ് ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.
അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍സ്ഥിരം സമിതി അധ്യക്ഷയായ ഷോളി സിദ്ധകുമാര്‍, മുന്‍ നഗരസഭാധ്യക്ഷ മോളി ജേക്കബ്, മുന്‍ ഉപാധ്യക്ഷയായ സി. ജ്യോതിമോള്‍ എന്നിവരാണ് യു.ഡി.എഫിന്റെ പരിഗണനയിലുള്ളത്.
ആലപ്പുഴ നഗരസഭയിലെ 53 ഡിവിഷനുകളില്‍ 23 സീറ്റും യു.ഡി.എഫാണ് നേടിയത്. 22 സീറ്റില്‍ എല്‍.ഡി.എഫും അഞ്ച് സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. പി.ഡി.പിയും എസ്.ഡി.പി.ഐയും ഓരോ സീറ്റ് വീതവും നേടി. 52ാം വാര്‍ഡായ മംഗലത്ത് നിന്നാണ് ജോസ് ചെല്ലപ്പന്‍ വിജയിച്ചത്.
ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ നഗരസഭയില്‍ യു.ഡി.എഫ് മികവ് പുലര്‍ത്തിയത്. എന്നാല്‍ കേവലഭൂരിപക്ഷത്തിലെത്താന്‍ കഴിയാതിരുന്ന യു.ഡി.എഫിന് ഭരണം കിട്ടണമെങ്കില്‍ സ്വതന്ത്രന്റെയോ പി.ഡി.പിയുടെയോ എസ്.ഡി.പി.ഐയുടെയോ പിന്തുണ വേണമായിരുന്നു. ഇതേ തുടര്‍ന്ന് ആലപ്പുഴയില്‍ അനിശ്ചിതത്വം ഉണ്ടായത്.