ഗസയുടെ യുദ്ധാനന്തര ഭരണത്തില്‍ ഹമാസിനും ഒരു പങ്ക് ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്ന, ഹമാസ് ഫലസ്തീന്‍ ജനതയുടെ അവിഭാജ്യ ഘടകമാണെന്ന് നിലപാടെടുത്ത രാഷ്ട്രീയക്കാരി.
കുടിയേറ്റ വിഷയങ്ങളിലും, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയും ശക്തമായി വാദിച്ച ഇടതുപക്ഷക്കാരി. പറഞ്ഞുവരുന്നത് അയര്‍ലന്റിന്റെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാതറിന്‍ കൊണോളിയെ കുറിച്ചാണ്.
ഇതിനവരെ പ്രാപ്തമാക്കിയത് അവരുടെ ചെറുപ്പകാലമാണ്. 13 സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം വളര്‍ന്നതിനാല്‍ തന്നെ വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ചെറുപ്പം മുതല്‍ കേട്ടുവളര്‍ന്ന, അതിനെയൊക്കെ പരിഗണിക്കണമെന്ന് ജീവിതം കൊണ്ട് മനസിലാക്കിയ പെണ്‍കുട്ടിയായിരുന്നു കാതറിന്‍.
അച്ഛനും അമ്മയും 14 കുട്ടികളും. വീട് നിറയെ ആളുകള്‍. ഏഴ് പേര്‍ പെണ്‍കുട്ടികള്‍, ഏഴ് ആണ്‍കുട്ടികളും. അതില്‍ ഒമ്പതാമത്തവള്‍. ഒരു നാള്‍ അവര്‍ക്ക് അവരുടെ അമ്മയെ നഷ്ടമായി. ആ സമയത്ത് കാതറിന് ഒമ്പത് വയസ് മാത്രമായിരുന്നു പ്രായം.
അവരെ പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം അച്ഛനായിരുന്നു.കെട്ടിട നിര്‍മാണ ജോലിക്ക് പോയും കപ്പല്‍ നിര്‍മാണ ജോലികള്‍ ചെയ്തും അദ്ദേഹം കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയി.

കാതറിന്‍ കൊണോളി
അമ്മയുടെ മരണശേഷം അച്ഛനെ സഹായിക്കുന്നതിലൂടെയും ചെറുപ്പമായിരുന്ന തന്റെ സഹോദരങ്ങളെ പരിപാലിക്കുന്നതിലൂടേയും അവളില്‍ കര്‍ത്തവ്യ ബോധവും സേവന സന്നദ്ധതയും വളര്‍ന്നു. ഇത്രയും വലിയ ഒരു കുടുംബത്തില്‍ വളര്‍ന്നത് എങ്ങനെയാണ് തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയതെന്നും ‘എല്ലാ വിധത്തിലും തന്നെ മാറ്റിയതെന്നും’ കാതറിന്‍ പറയുന്നുണ്ട്.
സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാട്, നിഷ്പക്ഷത, ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ എന്നിവയെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ കാതറിന് വലിയ സ്വാധീനമുണ്ടാക്കി.
ആരുമില്ലാത്തവരുടെ ശബ്ദമായി മാറേണ്ടതുണ്ടെന്ന കാതറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ തന്നെയാണ് അവരെ ഇന്ന് അയര്‍ലെന്റിന്റെ പ്രസിഡന്റ് പദവിയില്‍ വരെ എത്തിച്ചത്.

ഫലസ്തീന്‍ അനുകൂല റാലിയില്‍ നിന്നും
ഗസ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാതറിന്‍ എടുത്ത തീരുമാനങ്ങള്‍ അവരുടെ നിലപാടുകള്‍ക്ക് കൂടുതല്‍ തെളിച്ചമേകി.
ഫലസ്തീന് തുറന്ന പിന്തുണ നല്‍കുന്ന കാതറിന്, ഗസയിലെ വംശഹത്യയെക്കുറിച്ച് സംസാരിക്കുകയും ഇസ്രഈല്‍ നടത്തുന്ന ക്രൂരതകളെ തുടര്‍ച്ചയായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഗസയിലെ ഇസ്രഈലിന്റെ നടപടികളെ എക്കാലവും വിമര്‍ശിക്കാന്‍ ചങ്കുറപ്പു കാണിച്ച കാതറിന്‍ ‘സമാധാനത്തിനായുള്ള ശബ്ദമായി’ തന്റെ പ്രസിഡന്റ് സ്ഥാനം ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഗസയില്‍ സമാധാനം പുലരേണ്ടതിനെ കുറിച്ചും ഇസ്രഈലിന്റെ അതിക്രമത്തെ കുറിച്ചും കാതറിന്‍ സംസാരിച്ചു.

കാതറിന്‍ പങ്കാളി ബ്രയാന്‍ മെക്‌നെറിക്കൊപ്പം
യൂറോപ്പിലെ ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല രാജ്യങ്ങളിലൊന്നാണ് ഇന്ന് അയര്‍ലണ്ട്., ഫലസ്തീന്‍ അനുകൂല നിലപാടുകളുടെ പേരില്‍ ഐറിഷ് സര്‍ക്കാരിലെ മന്ത്രിമാരെല്ലാവരും ജൂതവിരുദ്ധരാണെന്ന വിമര്‍ശനം ഇടയ്ക്കിടെ ഇസ്രഈല്‍ ഉന്നയിക്കാറുമുണ്ട്.
ഇസ്രഈലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും, ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനും അയര്‍ലന്‍ഡ് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാവ് കൂടിയായിരുന്നു കാതറിന്‍. ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ യു.എസിന്റെ പങ്കിനെ വിമര്‍ശിക്കാനും കാതറിന്‍ ഭയന്നില്ല.

ഗസയുടെ യുദ്ധാനന്തര ഭരണത്തില്‍ ഹമാസിനും ഒരു പങ്ക് ഉണ്ടായിരിക്കണം എന്ന് അവര്‍ അഭിപ്രായപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഹമാസ് ഫലസ്തീന്‍ ജനതയുടെ അവിഭാജ്യ ഘടകമാണെന്ന പരാമര്‍ശത്തിനെതിരെ അയര്‍ലന്റിലെ വലതുപക്ഷം രംഗത്തെത്തി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചെങ്കിലും, ഐറിഷ് രാഷ്ട്രീയത്തിലെ നിരവധി ഇടത് ചിന്താഗതിയുള്ള പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും പിന്തുണ അവര്‍ക്ക് ലഭിച്ചു.
സിന്‍ ഫീന്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, മുമ്പ് താന്‍ അംഗമായിരുന്ന ലേബര്‍ പാര്‍ട്ടി എന്നിവരുടെ കൂടി പിന്തുണയോടെയാണ് കാതറിന്‍ മത്സരിച്ചത്.

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോന്ന ഒരാളായിട്ടും കാതറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആ പാര്‍ട്ടി അംഗീകരിച്ചതിന് നിരവധി കാരണങ്ങളുണ്ട്.
കുടിയേറ്റ വിഷയങ്ങളിലും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയും വംശഹത്യ നേരിടുന്ന ജനതയ്ക്ക് വേണ്ടിയും നിലപാടെടുത്ത വ്യക്തിയാണ് അവര്‍ എന്നത് അതിന് ഒരു പ്രധാന കാരണമാണ്.
യൂറോപ്യന്‍ യൂണിയന്റെ വര്‍ധിച്ചു വരുന്ന സൈനികവല്‍ക്കരണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും, നാറ്റോ മാതൃകയിലുള്ള സൈനിക സഹകരണത്തിലേക്ക് അയര്‍ലന്റ് നീങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത നേതാവാണ് കാതറിന്‍.
ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ചപ്പോഴും, റഷ്യയോടുള്ള നാറ്റോയുടെ നിലപാട് ‘യുദ്ധക്കൊതിയുള്ളതാണെന്ന് തുറന്നുപറയാന്‍ അവര്‍ ധൈര്യം കാണിച്ചു.
2018-ല്‍ സിറിയ സന്ദര്‍ശിച്ചതും, ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കാതറിന്‍ കൂടിക്കാഴ്ച നടത്തിയതും അന്ന് വലിയ രാഷ്ട്രീയ വിവാദമായി. എന്നാല്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ ദൗത്യമാണ് യാത്രയുടെ ഉദ്ദേശമെന്നും ആ യാത്രയില്‍ പങ്കെടുക്കുന്നവരില്‍ തനിക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലെന്നും കാതറിന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, കാതറിന്‍ തന്റെ പ്രസിഡന്റ് ശമ്പളത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് തന്നെ തിരികെ നല്‍കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

2020 ല്‍ ഐറിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പ്രസിഡന്റായിരിക്കും താനെന്നും ഐറിഷ് ജനതയ്ക്ക് ‘ഒരു പുതിയ റിപ്പബ്ലിക്കിനെ രൂപപ്പെടുത്താന്‍’ കഴിയുമെന്നും കാതറിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
‘ഞാന്‍ കാര്യങ്ങള്‍ കേള്‍ക്കുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ആവശ്യമുള്ളപ്പോള്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും എന്നാണ്,’ അവര്‍ പറഞ്ഞത്.
‘ഞാന്‍ സമാധാനത്തിനായുള്ള ശബ്ദമായിരിക്കും, നമ്മുടെ നിഷ്പക്ഷതാ നയത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദമായിരിക്കും, നമ്മുടെ അസ്തിത്വ ഭീഷണിയ്ക്കെതിരെ ഉയരുന്ന ശബ്ദമായിരിക്കും, രാജ്യമെമ്പാടും നടക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന ശബ്ദമായിരിക്കും.’ കാതറിന്‍ പറയുന്നു.

ഇടതുപക്ഷത്തിന്റെ ശക്തയായ ഒരു രാഷ്ട്രീയ നേതാവായാണ് കാതറിനെ ഐറിഷ് ജനത അടയാളപ്പെടുത്തുന്നത്. തങ്ങളുടെ മൂല്യങ്ങളും അഭിലാഷങ്ങളും മനസിലാക്കുന്ന ഒരാളായാണ് കാതറിനെ അവര്‍ കണക്കാക്കുന്നത്.
പ്രത്യേകിച്ച് ഭവന നിര്‍മ്മാണം മുതല്‍ ആരോഗ്യം, ഗതാഗതം, കാലാവസ്ഥ എന്നീ വിഷയങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന നിലപാട് ജനങ്ങള്‍ക്ക് പ്രതീക്ഷയാണ്.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സമത്വത്തില്‍ അടിയുറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന, ഐറിഷ് ഭാഷയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി നിലകൊള്ളുന്ന നേതാവ്.
അയര്‍ലന്റിന്റെ നിഷ്പക്ഷതാ നയം ശക്തമായി നിലനിര്‍ത്തണമെന്ന് വാദിക്കുന്ന നേതാവ്.
അധികാരമില്ലാത്തവരുടെ ശബ്ദമാവണമെന്ന് തന്റെ ജനതയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന നേതാവ്. ഇതിന്റെയൊക്കെ ആകെത്തുകയായി കാതറിനെ അടയാളപ്പെടുത്താം. കാതറിന്‍ അയര്‍ലന്റിന് ഒരു പ്രതീക്ഷയാണ്, പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയ്ക്കും..





