ഐ.സി.സി വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ബാറ്റിങ് തുടരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ചമാരിയുടെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയെ ഇന്ത്യയ്ക്ക് ഒറ്റയക്കത്തിന് നഷ്ടമായി. പത്ത് പന്തില്‍ എട്ട് റണ്‍സാണ് മന്ഥാനയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. ഉദ്ദേശിക പ്രബോധിനിയുടെ പന്തില്‍ വിഷ്മി ഗുണരത്‌നെക്ക് ക്യാച്ച് നല്‍കിയായിരുന്നു മന്ഥാനയുടെ മടക്കം.
മത്സരത്തിലെ രസംകൊല്ലിയായി മഴയെത്തിയതോടെ ഇരു ടീമിന്റെയും രണ്ട് ഓവരുകളും വെട്ടിക്കുറച്ചു.
വണ്‍ ഡൗണായെത്തിയ ഹര്‍ലീന്‍ ഡിയോളിനെ ഒപ്പം കൂട്ടി പ്രതീക റാവല്‍ സ്‌കോര്‍ ഉര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യന്‍ ടോട്ടലിന് അടിത്തറയൊരുക്കി.
ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ റാവലിനെ പുറത്താക്കി ഇനോക രണവീര ലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. വിഷ്മി ഗുണരത്‌നെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങവെ 59 പന്തില്‍ 37 റണ്‍സാണ് താരം ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
നാലാമതായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഹര്‍ലീന്‍ ഡിയോളിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനൊരുങ്ങവെ രണവീര വീണ്ടും വിക്കറ്റ് വീഴ്ത്തി.
26ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ലീന്‍ ഡിയോളിനെ മടക്കിക്കൊണ്ടായിരുന്നു രണവീര തുടങ്ങിയത്. ഡിയോളിനെ കവിഷ ദില്‍ഹാരിയുടെ കൈകളിലെത്തിച്ചാണ് താരം മടക്കിയത്. അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെയായിരുന്നു ഡിയോളിന്റെ നിര്‍ഭാഗ്യകരമായ മടക്കം.
തൊട്ടുത്ത പന്തില്‍ ജെമീമ റോഡ്രിഗസിനെ ബൗള്‍ഡാക്കി ഇടംകയ്യന്‍ ഓഫ്‌സ്പിന്നര്‍ വീണ്ടും ഇന്ത്യയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി.
ഇതേ ഓവറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെയും മടക്കിയാണ് ഇനോക രണവീര തിളങ്ങിയത്. 19 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അനുഷ സഞ്ജീവിനിക്ക് ക്യാച്ച് നല്‍കി മടക്കി. 26ാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലാണ് ഇന്ത്യ. 12 പന്തില്‍ 15 റണ്‍സുമായി ദീപ്തി ശര്‍മയും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി അമന്‍ജോത് കൗറുമാണ് ക്രീസില്‍.
Content highlight: IND W vs SL W: Inoka Ranaveera picks 3 wickets in an over