മന്ഥാനയുടെയും റവാളിന്റെയും ചിറകിലേറി ഇന്ത്യ; ന്യൂസിലാന്‍ഡിനെ തകര്‍ത്ത് സെമിയില്‍
Cricket
മന്ഥാനയുടെയും റവാളിന്റെയും ചിറകിലേറി ഇന്ത്യ; ന്യൂസിലാന്‍ഡിനെ തകര്‍ത്ത് സെമിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th October 2025, 7:24 am

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ആതിഥേയര്‍ അവസാന നാലില്‍ എത്തിയത്. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 53 റണ്‍സിനാണ് ടീമിന്റെ വിജയം. സെഞ്ച്വറിയുമായി തിളങ്ങിയ സ്മൃതി മന്ഥാനയുടെയും പ്രതിക റവാളിന്റെയും കരുത്തിലാണ് ഇന്ത്യ നിര്‍ണായക മത്സരത്തില്‍ ജയിച്ചത്.

ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് 44 ഓവറില്‍ 271 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ന്യൂസിലാന്‍ഡിന് പ്രഹരമേല്പിച്ചിരുന്നു. ഒരു റണ്‍സ് മാത്രം എടുത്ത സൂസി ബേറ്റ്സാണ് രണ്ടാം ഓവറില്‍ തന്നെ തിരികെ നടന്നത്.

പിന്നാലെ എത്തിയവര്‍ ടീമിനെ വെട്ടിച്ചുരുക്കിയ 325 എന്ന വിജയലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി. രണ്ട് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടും എന്നാല്‍ ഈ സ്‌കോര്‍ അടിച്ചെടുക്കാന്‍ കിവികള്‍ക്ക് സാധിച്ചില്ല.

ടീമിനായി ബ്രൂക്ക് ഹാലിഡേയും ഇസി ഗേസും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഹാലിഡേ 84 പന്തില്‍ 81 റണ്‍സ് എടുത്തപ്പോള്‍ ഗേസ് 51 പന്തില്‍ പുറത്താവാതെ 65 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം അമേലിയ കെര്‍ (53 പന്തില്‍ 45), ജോര്‍ജിയ പ്ലിമര്‍ (25 പന്തില്‍ 30) എന്നിവരും തിളങ്ങി. എന്നാല്‍, ഇവരുടെ പ്രകടനം ടീമിനെ വിജയിപ്പിക്കാനാവില്ല.

ഇന്ത്യയ്ക്കായി രേണുക സിങ് താക്കൂറും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പ്രതിക റവാള്‍, നല്ലപുരെഡ്ഡി ചരണി, ദീപ്തി ശര്‍മ, സ്‌നേഹ് റാണ എന്നിവരും ഒരു വിക്കറ്റും നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് എടുത്തിരുന്നു. ടീമിനായി പ്രതിക റവാളും സ്മൃതി മന്ഥാനയും സെഞ്ച്വറി നേടിയാണ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. റവാള്‍ 134 പന്തില്‍ 13 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 122 റണ്‍സാണ് സ്‌കോര്‍ ചെയ്യ്തത്. 95 പന്തില്‍ 10 ഫോറും നാല് സിക്സും ഉള്‍പ്പെടെ 109 റണ്‍സാണ് മന്ഥാന അടിച്ചത്.

ഇവര്‍ക്ക് പുറമെ, ടീമിലേക്ക് തിരിച്ചെത്തിയ ജമീമ റോഡ്രിഗസും മത്സരത്തില്‍ തിളങ്ങി. താരം 55 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്തു. 11 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.

ന്യൂസിലാന്‍ഡിനായി സൂസി ബേറ്റ്സ്, അമേലിയ കെര്‍, റോസ്‌മേരി മെയര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Ind w vs NZ w: Indian women enters semi final in ICC Women ODI World Cup by defeating New Zealand women