| Wednesday, 22nd July 2026, 9:01 pm

സഞ്ജുവില്ലാതെ ഇന്ത്യയിറങ്ങുന്നു; നാണക്കടിന്റെ ഹാട്രിക് ഒഴിവാക്കാന്‍ ശ്രേയസിനാകുമോ?

ആദർശ് എം.കെ.

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിന് നാളെ തുടക്കമാവുകയാണ്. മൂന്ന് ടി-20കളടങ്ങിയ പരമ്പരയ്ക്കാണ് ശ്രേയസ് അയ്യരും സംഘവും ഷെവ്‌റോണ്‍സിന്റെ തട്ടകത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹരാരെയാണ് വേദി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. സഞ്ജു സാംസണ്‍ അടക്കം ആറ് മാറ്റങ്ങളാണ് ടീം സ്‌ക്വാഡില്‍ വരുത്തിയിട്ടുള്ളത്.

സഞ്ജുവും കുല്‍ദീപും ലോകകപ്പുമായി

ഇന്ത്യയുടെ മൂന്നാം ടി-20 ലോകകപ്പ് കിരീടനേട്ടത്തിന്റെ നെടുംതൂണായ സഞ്ജുവിനെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയതില്‍ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍ താരങ്ങളടക്കം മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സഞ്ജുവിന് പുറമെ അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും പരമ്പരയില്‍ ഇടം നേടിയിട്ടില്ല.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ആദ്യ വിജയവും ആദ്യ സീരീസ് വിജയവുമാണ് ശ്രേയസ് സിംബാബ്‌വേയ്‌ക്കെതിരെ ലക്ഷ്യമിടുന്നത്.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com

കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ നീലക്കുപ്പായക്കാര്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും തോറ്റാണ് ഇന്ത്യ ആരാധകരെ ഞെട്ടിച്ചത്. ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ പരമ്പര നേടുന്നത്.

ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 പരമ്പരയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു.

ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷമുള്ള രണ്ട് പരമ്പരയും തോറ്റ അയ്യര്‍, നാണക്കേടിന്റെ ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. യുവനിരയാല്‍ സമ്പന്നമായ ടീമിന് സിക്കന്ദര്‍ റാസയുടെ സംഘത്തെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, അഭിഷേക് ശര്‍മ, യാഷ് താക്കൂര്‍, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, ഹര്‍ഷ് ദുബെ, സൂര്യാന്‍ഷ് ഷെഡ്‌ജെ, മായങ്ക് യാദവ്, അശോക് ശര്‍മ, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.

സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേള്‍, വെല്ലിങ്ടണ്‍ മസാകാദ്‌സ, തഫാദ്‌സാവ സിഗ (വിക്കറ്റ് കീപ്പര്‍), റിച്ചാര്‍ഡ് എന്‍ഗരാവ, വെസ്‌ലി മധേവെരേ, മില്‍ട്ടണ്‍ ഷുംബ, ഡിയോണ്‍ മയേഴ്‌സ്, ബ്ലെസ്സിങ് മുസരബാനി, ബ്രാഡ് ഇവാന്‍സ്, ബെന്‍ കറന്‍, താഡിവനാഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), തനക ചിവാംഗ, ബ്രയാന്‍ ബെന്നറ്റ്, ന്യൂമാന്‍ ന്യാംഹുരി.

ഇന്ത്യ vs സിംബാബ്‌വേ

ആദ്യ മത്സരം – ജൂലൈ 23 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 25 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 26 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

Content Highlight: IND vs ZIM: T20 series starts tomorrow

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more