വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസവും ആധിപത്യം തുടര്‍ന്ന് ഇന്ത്യ. ആദ്യം ബാറ്റിങ് കൊണ്ടും പിന്നീട് ബൗളിങ് കൊണ്ടും ആതിഥേയര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. നിലവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 140 റണ്‍സാണ് വിന്‍ഡീസ് എടുത്തിട്ടുള്ളത്. ഷായ് ഹോപ്പും (46 പന്തില്‍ 31*) ടെവിന്‍ ഇംലാച്ചുമാണ് (31 പന്തില്‍ 14*) ക്രീസിലുള്ളത്.
ഇന്ത്യ : 518 /5d
വെസ്റ്റ് ഇന്‍ഡീസ് (രണ്ടാം ദിനം അവസാനിക്കുമ്പോള്‍): 140/4 (43)
ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിനെ ഇന്ത്യ ബൗള്‍ കൊണ്ടും വലിക്കുകയായിരുന്നു. 21 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ 25 പന്തില്‍ 10 റണ്‍സെടുത്ത ജോണ്‍ കാംബെല്‍ തിരികെ നടന്നു. രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ ഒത്തുച്ചേര്‍ന്ന തഗെനരെയ്ന്‍ ചന്ദര്‍പോളും അലിക്ക് അത്തനാസെയും ടീമിനെ പിടിച്ച് ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍, 67 പന്തില്‍ 34 റണ്‍സെടുത്ത ചന്ദര്‍പോളിനെ മടക്കി ജഡേജ വീണ്ടും ടീമിന് പ്രഹരമേല്പിച്ചു. ഇരുവരും 66 റണ്‍സ് സ്‌കോറിലേക്ക് ചേര്‍ത്താണ് പിരിഞ്ഞത്.
വിക്കറ്റ് വീണതിനോടെ ക്രീസിലെത്തിയ ഹോപ്പ് അത്തനാസെയുമായി ചേര്‍ന്ന് 19 റണ്‍സ് ചേര്‍ത്തു. നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുല്‍ദീപ് യാദവ് മറ്റൊരു വിക്കറ്റ് വീഴ്ത്തി. 84 പന്തില്‍ 41 റണ്‍സ് നേടിയ അത്തനാസെയെയാണ് താരം മടക്കിയത്.
പിന്നാലെ എത്തിയ ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സിനെ ഒരു റണ്‍സും നേടാന്‍ അനുവദിക്കാതെ ജഡേജ തിരികെ അയച്ചു. അത്തനാസെയെ മടങ്ങിയ സ്‌കോറിലേക്ക് ഒരു റണ്‍സ് മാത്രം ചേര്‍ത്ത് വെച്ചപ്പോഴായിരുന്നു താരത്തിന്റെ മടക്കം.
വിന്‍ഡീസിനായി ക്രീസിലെത്തിയ ഇംലാച്ച് ഹൊപ്പുമായി ചേര്‍ന്ന് 33 റണ്‍സ് ചേര്‍ത്തു. അതോടെ രണ്ടാം ദിവസത്തിന്റെ കളി അവസാനിപ്പിച്ചു.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ശുഭ്മന്‍ ഗില്ലുമാണ് സെഞ്ച്വറി നേടിയത്. ജെയ്സ്വാള്‍ 258 പന്തില്‍ നിന്ന് 175 റണ്‍സ് എടുത്തപ്പോള്‍ ഗില്‍ 196 പന്തില്‍ പുറത്താവാതെ 129 റണ്‍സും സ്വന്തമാക്കി.
ഇവര്‍ക്ക് പുറമെ, സായ് സുദര്‍ശന്‍ (165 പന്തില്‍ 87), ധ്രുവ് ജുറെല്‍ (79 പന്തില്‍ 44), നിതീഷ് കുമാര്‍ റെഡ്ഡി
(54 പന്തില്‍ 43), കെ.എല്‍ രാഹുല്‍ (54 പന്തില്‍ 38) എന്നിവരും തിളങ്ങി.
വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. കൂടാതെ, ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും ഒരു വിക്കറ്റും നേടി.
Content Highlight: Ind vs WI: Second Test: Second day Updates, India dominates against West Indies