പതിറ്റാണ്ടുകളുടെ ഡക്കിന് വിരാമമിട്ട് കാംബെല്ലും ഹോപ്പും; ഇന്ത്യക്കെതിരെ 51 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്ന് ആദ്യം!
Cricket
പതിറ്റാണ്ടുകളുടെ ഡക്കിന് വിരാമമിട്ട് കാംബെല്ലും ഹോപ്പും; ഇന്ത്യക്കെതിരെ 51 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്ന് ആദ്യം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th October 2025, 4:38 pm

ഇന്ത്യക്കെതിരെ ചരിത്രം സൃഷ്ടിച്ച് വിന്‍ഡീസ് താരങ്ങളായ ജോണ്‍ കാംബെല്ലും ഷായ് ഹോപ്പും. ദല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു. കാംബെല്‍ 119 പന്തില്‍ 115 റണ്‍സ് നേടിയപ്പോള്‍ ഹോപ്പ് 214 പന്തിലാണ് 103 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇതോടെ ഒരു ഡക്കിനാണ് ഇരുവരും ചേര്‍ന്ന് വിരാമമിട്ടിരിക്കുന്നത്. ഒരു ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ രണ്ട് വിന്‍ഡീസ് താരങ്ങള്‍ സെഞ്ച്വറി നേടുന്ന അപൂര്‍വ നേട്ടമാണ് ഇരുവരും കുറിച്ചത്. 51 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ രണ്ട് കരീബിയന്‍ താരങ്ങള്‍ ഇന്ത്യക്കെതിരെ ഒരേ ഇന്നിങ്‌സില്‍ സെഞ്ച്വറി കരസ്ഥമാക്കുന്നത്.

1974ലാണ് അവസാനമായി രണ്ട് വിന്‍ഡീസ് താരങ്ങള്‍ ഇങ്ങനെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്നത്. ആ വര്‍ഷം ഓപ്പണര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡുമാണ് സെഞ്ച്വറി നേടിയവര്‍. ഗ്രീനിഡ്ജ് 208 പന്തില്‍ 107 റണ്‍സും ലോയ്ഡ് 149 പന്തില്‍ 163 റണ്‍സുമാണ് സ്വന്തമാക്കിയിരുന്നത്.

അതേസമയം, നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടിയിട്ടുണ്ട്. 57 പന്തില്‍ 36 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സും 45 പന്തില്‍ 19 റണ്‍സ് നേടിയ ജെയ്ഡന്‍ സീല്‍സുമാണ് ക്രീസിലുള്ളത്.

ഇവര്‍ക്ക് പുറമെ, ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും മികച്ച ബാറ്റിങ് നടത്തി. താരം 72 പന്തില്‍ 40 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind vs WI: John Campbell and Shai Hope scores century against India in a single innings after 51 years of West Indies