ഇരട്ട സെഞ്ച്വറിക്കരികെ ജെയ്സ്വാള്‍, ഫിഫ്റ്റിയുമായി സുദര്‍ശന്‍; ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ
DSport
ഇരട്ട സെഞ്ച്വറിക്കരികെ ജെയ്സ്വാള്‍, ഫിഫ്റ്റിയുമായി സുദര്‍ശന്‍; ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th October 2025, 5:55 pm

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക് അടുക്കുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ യശസ്വി ജെയ്സ്വാളും നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജെയ്സ്വാളും കെ.എല്‍ രാഹുലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ഓപ്പണിങ്ങില്‍ 58 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മികച്ച നിലയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കെ ജോമല്‍ വാരിക്കനാണ് താരത്തിനെ പുറത്താക്കിയത്. താരം 54 പന്തില്‍ 38 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശന്‍ ജെയ്സ്വാളിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. 193 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. താരം 65 പന്തുകളില്‍ 12 ഫോറടക്കം 87 റണ്‍സ് നേടിയാണ് തിരികെ നടന്നത്. ഈ വിക്കറ്റും സ്വന്തമാക്കിയത് വാരിക്കന്‍ തന്നെയാണ്.

സുദര്‍ശന്‍ പുറത്തായതോടെ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിനെത്തി. താരം ജെയ്സ്വാളിനൊപ്പം ചേര്‍ന്ന് ടീമിന്റെ സ്‌കോറിന് വേഗത കുറയാതെ സൂക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 318ല്‍ എത്തിച്ചു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ജെയ്സ്വാള്‍ – ഗില്‍ സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുണ്ട്.

ജെയ്സ്വാള്‍ നിലവില്‍ 253 പന്തുകള്‍ നേരിട്ട് 173 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. താരത്തിന്റെ ഇന്നിങ്‌സില്‍ 22 ഫോറുകളാണ് പിറന്നത്. ഗില്‍ 68 പന്തില്‍ മൂന്ന് ഫോറടക്കം 20 റണ്‍സുമായി മറുവശത്തും നിലയുറപ്പിച്ചിട്ടുണ്ട്.

വിന്‍ഡീസ് നിരയില്‍ രണ്ട് വിക്കറ്റുമായി ജോമല്‍ വാരിക്കനാണ് തിളങ്ങിയത്. താരം 20 ഓവറില്‍ 60 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. മറ്റാര്‍ക്കും വിക്കറ്റുകള്‍ നേടാനായില്ല.

Content Highlight: Ind vs WI: India score 318/2 in first day of second test against West Indies with Yashasvi Jaiswal’s century and Sai Sudarshan’s fifty