ഏഷ്യാ കപ്പില്‍ ഇന്ത്യ തങ്ങളുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നത് കൂറ്റന്‍ വിജയത്തോടെയാണ്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യന്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇയെ മെന്‍ ഇന്‍ ബ്ലൂ 14ാം ഓവറില്‍ തന്നെ തന്നെ കുഞ്ഞന്‍ സ്‌കോറിന് പുറത്താക്കി. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കുല്‍ദീപ് യാദവിന്റെ മികവില്‍ യു.എ.ഇയെ 57 എന്ന സ്‌കോറില്‍ ഒതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അനാസായസം ഈ ലക്ഷ്യം മറികടന്നു. വെറും 4.3 ഓവറുകള്‍ നേരിട്ടായിരുന്നു ഇന്ത്യയുടെ വിജയം.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാനായി. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സൂര്യയും സംഘവും കഴിഞ്ഞ ദിവസം നേടിയത്. ഇന്ത്യ 2016ല്‍ യു. എ.ഇയ്ക്ക് എതിരെ തന്നെ നേടിയ വിജയത്തെ മറികടന്നാണ് പുതിയ ചരിത്രം കുറിച്ചത്. കൂടാതെ, പവര്‍ പ്ലേയില്‍ തന്നെ വിജയം കൈപ്പിടിയിലൊതുക്കിയ ആദ്യ ടീമാവുകയും ചെയ്തു.
(ശേഷിക്കുന്ന പന്തുകള്‍ – ടീം – ടാര്‍ഗറ്റ് – ഓവര്‍ – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
93 – ഇന്ത്യ – 58 – 4.3 – യു.എ.ഇ – ദുബായ് – 2025
59 – ഇന്ത്യ – 82 – 10.1 – യു.എ.ഇ – മിര്‍പൂര്‍ – 2016
59 – അഫ്ഗാനിസ്ഥാന്‍ – 106 – 10.1 – ശ്രീലങ്ക – ദുബായ് – 2022
27 – ഇന്ത്യ – 84 – 15.3 – പാകിസ്ഥാന്‍ – മിര്‍പൂര്‍ – 2016
18 – ശ്രീലങ്ക – 122 – 17 – പാകിസ്ഥാന്‍ – ദുബായ് – 2022
അതേസമയം, ഇന്ത്യന്‍ നിരയില്‍ 2.1 ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് യു.എ.ഇ യെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയതില്‍ പ്രധാനി. 3.23 എക്കോണമിയില്‍ പന്തെറിഞ്ഞ താരം വെറും ഏഴ് റണ്‍സാണ് വിട്ടു നല്‍കിയത്. താരത്തിന് പുറമെ, ശിവം ദുബൈ മൂന്ന് വിക്കറ്റും സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ പുറത്താകാതെ 20 റണ്‍സും ചേര്‍ത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ പുറത്താവാതെ ഏഴ് റണ്‍സാണ് സ്വന്തമാക്കിയത്.
Content Highlight: Ind vs UAE: India registers biggest win by balls remaining in the Asia Cup History