മറ്റൊരു സെഞ്ച്വറി നേട്ടത്തിലും സച്ചിനെ വെട്ടി; സിംഹാസനത്തില്‍ കിങ് കോഹ്‌ലി
Cricket
മറ്റൊരു സെഞ്ച്വറി നേട്ടത്തിലും സച്ചിനെ വെട്ടി; സിംഹാസനത്തില്‍ കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st December 2025, 8:43 am

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തി.

സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം. താരം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 120 പന്തില്‍ 135 റണ്‍സാണ് മുന്‍ നായകന്‍ ആദ്യ മത്സരത്തില്‍ അടിച്ചെടുത്തത്. ഏഴ് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ താണ്ഡവം.

കോഹ്‌ലി മത്സരത്തിനിടെ Photo: BCCI/x.com

ഇതോടെ തകര്‍പ്പന്‍ നേട്ടം കോഹ്ലി സ്വന്തം അക്കൗണ്ടിലാക്കി. സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടമാണ് മുന്‍ നായകന് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസത്തേത് ഉള്‍പ്പെടെ 37കാരന്‍ പ്രോട്ടിയാസിനെതിരെ ആറ് തവണ മൂന്നക്കം കടന്നിട്ടുണ്ട്.

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ് ഈ ലിസ്റ്റില്‍ കോഹ്ലിക്ക് പിന്നിലുള്ളത്. ഇരുവര്‍ക്കും അഞ്ച് സെഞ്ച്വറിയാണുള്ളത്.

ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും കൂടുതല്‍ തവണ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്ലി – ഇന്ത്യ – 6

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 5

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 5

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 4

ശിഖര്‍ ധവാന്‍ – ഇന്ത്യ – 3

കോഹ്ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ 56 പന്തില്‍ 60 റണ്‍സും രോഹിത് 51 പന്തില്‍ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.

രോഹിത് മത്സരത്തിനിടെ Photo: BCCI/x.com

പ്രോട്ടിയാസിനായി ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, നന്ദ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മാത്യൂ ബ്രീറ്റ്‌സ്‌കി 80 പന്തില്‍ 72 റണ്‍സും യാന്‍സന്‍ 39 പന്തില്‍ 70 റണ്‍സും കോര്‍ബിന്‍ ബോഷ് 51 പന്തില്‍ 67 റണ്‍സുമെടുത്തിട്ടും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒപ്പം പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.

Content Highlight: Ind vs SA: Virat Kohli became the player with most ODI centuries against South Africa by surpassing Sachin Tendulkar and David Warner