ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ ഭാവിയിലെ സൂപ്പര്‍ സ്റ്റാറാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ. ജുറെല്‍ അതിശയകരവും എക്സൈറ്റിങ്ങായ ഒരു യുവതാരമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാവുമ.
‘ഞാന്‍ സൗത്ത് ആഫ്രിക്ക എ ടീമിനൊപ്പം ബെംഗളരൂവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രണ്ടാം മള്‍ട്ടി ഡേ ടെസ്റ്റില്‍ കളിച്ചിരുന്നു. അവിടെ ധ്രുവ് ജുറെല്‍ കളിക്കുന്നത് കണ്ടു. അവനൊരു എക്സൈറ്റിങ്ങായ ഒരു താരമാണ്.
അവന്‍ മികച്ച ടെക്നിക്കുള്ള താരവുമാണ്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവന്‍ നിര്‍ണായക പങ്ക് വഹിക്കും. ഒപ്പം ജുറെല്‍ ഒരു ആവേശകരമായ ഒരു യുവതാരവുമെന്ന് ഞാന്‍ കരുതുന്നു,’ ബാവുമ പറഞ്ഞു.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് നാളെയാണ് തിരിതെളിയുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് ഇന്ത്യയില്‍ കളിക്കുക. അതിലെ ടെസ്റ്റ് പരമ്പരക്കാണ് നാളെ അരങ്ങുണരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരം നാളെ (നവംബര്‍ 14) മുതല്‍ 18 വരെയാണുള്ളത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. രണ്ടാം മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 22 മുതല്‍ 26 വരെയാണ് ഈ മത്സരം.