മുത്തുസ്വാമിക്ക് സെഞ്ച്വറി, യാന്‍സെന് ഫിഫ്റ്റി; ഗുവാഹത്തിയില്‍ ഇന്ത്യ പതറുന്നു
Sports News
മുത്തുസ്വാമിക്ക് സെഞ്ച്വറി, യാന്‍സെന് ഫിഫ്റ്റി; ഗുവാഹത്തിയില്‍ ഇന്ത്യ പതറുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd November 2025, 1:54 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ സന്ദര്‍ശകര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 428 എന്ന ശക്തമായ നിലയിലാണ്.

സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. മുത്തുസ്വാമി 203 പന്തില്‍ 107 റണ്‍സുമായും യാന്‍സെന്‍ 57 പന്തില്‍ 51 റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്.

രണ്ടാം ദിനം ആറിന് 247 റണ്‍സ് എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒന്നിച്ച മുത്തുസ്വാമി – കൈല്‍ വെരായ്‌നെ സഖ്യം ഒന്നാം സെഷനില്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് എതിരെ ശക്തമായ ചേര്‍ത്തുനില്‍പ്പാണ് നടത്തിയത്.

എന്നാല്‍, രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ വെരായ്‌നെ മടങ്ങി. താരം 122 പന്തില്‍ 45 റണ്‍സ് നേടിയാണ് പുറത്തായത്. പ്രോട്ടിയാസ് ബാറ്റര്‍ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ മുത്തുസ്വാമിയുമായി 70 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു.

പിന്നാലെ മുത്തുസ്വാമിയും യാന്‍സെനും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ടീമിന്റെ സ്‌കോറിന് വേഗത കൂട്ടി. വെറും 16 ഓവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 94 റണ്‍സാണ്. ഇതിനിടയില്‍ മുത്തുസ്വാമി തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കി. 192 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

ഏറെ വൈകാതെ യാന്‍സെന്‍ തന്റെ അര്‍ധ സെഞ്ച്വറിയും തികച്ചു. ഏകദിന ശൈലില്‍ ബാറ്റേന്തിയാണ് താരം തന്റെ നാലാം ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തീകരിച്ചത്. പിന്നാലെ മത്സരം ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിനം പ്രോട്ടിയാസിനായി ടോപ് ഓര്‍ഡറും തിളങ്ങിയിരുന്നു. ട്രിസ്റ്റാന്‍ സ്റ്റബ്ബ്‌സ് (112 പന്തില്‍ 49), തെംബ ബാവുമ (92 പന്തില്‍ 41), ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവര്‍ മികവ് പുലര്‍ത്തി.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Ind vs SA: South Africa are strong position with Senuran Muthusamy’ century and Marco Jasen’s fifty; India struggles