നാലില്‍ മൂന്നും പ്രോട്ടിയാസ്; സിക്‌സര്‍ മഴ തീര്‍ത്ത് പ്രോട്ടിയാസ് മര്‍ക്രമും സംഘവും
Cricket
നാലില്‍ മൂന്നും പ്രോട്ടിയാസ്; സിക്‌സര്‍ മഴ തീര്‍ത്ത് പ്രോട്ടിയാസ് മര്‍ക്രമും സംഘവും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th December 2025, 10:23 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരം പുരോഗമിക്കുകയാണ്. നിലവില്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നാലിന് 105 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 44 റണ്‍സെടുത്ത തിലക് വര്‍മയും 18 പന്തില്‍ 16 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നാലിന് 213 റണ്‍സെടുത്തിരുന്നു. ക്വിന്റണ്‍ ഡി കോക്ക്, ഡൊനോവന്‍ ഫെരേര, ഡേവിഡ് മില്ലര്‍ എന്നിവരാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇവരെല്ലാം കൂടെ അടിച്ചത് 15 സിക്‌സുകളാണ്.

മത്സരത്തിനിടെ ക്വിന്റൺ ഡി കോക്ക്. Photo: Proteas Men/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ എത്താന്‍ പ്രോട്ടിയാസിന് സാധിച്ചു. ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ഒരു ടി – 20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ രണ്ടാമത്തെ ടീം എന്ന നേട്ടമാണ് മര്‍ക്രമും സംഘവും സ്വന്തമാക്കിയത്. ടീം ഈ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനൊപ്പമാണ്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനം കയ്യാളുന്നതും പ്രോട്ടിയാസ് തന്നെയാണ് എന്നതാണ് കൗതുകം.

ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ഒരു ടി – 20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ടീം

(സിക്‌സ് – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

16 – സൗത്ത് ആഫ്രിക്ക – ഇന്‍ഡോര്‍ – 2022

15 – സൗത്ത് ആഫ്രിക്ക – ന്യൂ ചണ്ഡീഗഡ് – 2025

15 – വെസ്റ്റ് ഇന്‍ഡീസ് – ഹൈദരാബാദ് – 2019

14 – സൗത്ത് ആഫ്രിക്ക – ദല്‍ഹി – 2022

പ്രോട്ടിയാസിനായി മികച്ച പ്രകടനം നടത്തിയത് ഡി കോക്കാണ്. താരം 46 പന്തില്‍ 90 റണ്‍സെടുത്തു. ഒപ്പം 16 പന്തില്‍ പുറത്താവാതെ 30 റണ്‍സുമായി ഫെരേരയും 12 പന്തില്‍ 20 റണ്‍സുമായി മില്ലറും പുറത്താവാതെ നിന്നു.

ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്ന സൗത്ത് ആഫ്രിക്കൻ താരങ്ങൾ Photo: Proteas Men/x.com

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സര്‍ ഒരു വിക്കറ്റും നേടി.

നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് അക്സര്‍ പട്ടേല്‍ (21 പന്തില്‍ 21), അഭിഷേക് ശര്‍മ (എട്ട് പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ അഞ്ച്), ശുഭ്മന്‍ ഗില്‍ (ഒരു പന്തില്‍ 0) എന്നിവരെയാണ് നഷ്ടമായത്.

Content Highlight: Ind vs SA: South Africa jointly became second team to smash most 6s against India in a T20I innings in India