സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തി കളിക്കുക. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം.
കഴിഞ്ഞ സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കാണ് ഹോം അഡ്വാന്റേജ്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇത് മൂന്നാം പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ആദ്യ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. ശേഷം സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 2-0ന് വൈറ്റ് വാഷ് ചെയ്ത് സൈക്കിളിലെ ആദ്യ പരമ്പര വിജയവും സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ അടക്കമുള്ള ബാറ്റര്‍മാരുടെ കരുത്ത് പരമ്പരയില്‍ നിര്‍ണായകമാകും. ഡബ്ല്യൂ.ടി.സി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഒന്നാമന്‍. 13 ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയുടെ അകമ്പടിയോടെ 78.33 ശരാശരിയില്‍ 946 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. പട്ടികയില്‍ അടുത്ത മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്.