| Sunday, 23rd November 2025, 11:20 am

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മുത്തുസ്വാമിയും വെരായ്‌നെയും; 300 കടന്ന് പ്രോട്ടിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ ചായക്ക് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ ആറിന് 316 റണ്‍സെടുത്തിട്ടുണ്ട്. 131 പന്തില്‍ 56 റണ്‍സുമായി സെനുറാന്‍ മുത്തുസ്വാമിയും 94 പന്തില്‍ 38 റണ്‍സുമായി കൈല്‍ വെരായ്‌നെയുമാണ് ക്രീസിലുള്ളത്.

ഒന്നാം ദിനം ഒന്നിച്ച മുത്തുസ്വാമിയും വെരായ്‌നെയും രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ഒരു അവസരം നല്‍കാതെ ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അവസാന സെഷനില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഇന്ന് വളരെ പ്രതീക്ഷയോടാണ് ഇറങ്ങിയത്.

മത്സരത്തില്‍ ഇന്ത്യന്‍ ടീം ബൗളിങ്ങിന് എത്തിയത് ആദ്യ സെഷന്‍ തന്നെ ഇരുവരെയും പുറത്താക്കി മത്സരത്തില്‍ മേല്‍കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, ഇരുവരുടെയും കടുത്ത ചേര്‍ത്തുനില്‍പ്പിനും പോരാട്ടത്തിനുമാണ് പന്തും സംഘവും സാക്ഷിയായത്.

രണ്ടാം ദിനം ആറിന് 247 റണ്‍സ് എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് തുടങ്ങിയത്. ഈ സ്‌കോറിലേക്ക് മുത്തുസ്വാമിയും വെരായ്‌നെയും 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അതോടെ ഇരുവര്‍ക്കും തങ്ങളുടെ കൂട്ടുകെട്ട് 70 റണ്‍സായി ഉയര്‍ത്താനും സാധിച്ചു.

നേരത്തെ, സൗത്ത് ആഫ്രിക്കക്കായി ഏയ്ഡന്‍ മാര്‍ക്രമും റിയാന്‍ റിക്കില്‍ട്ടണും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. മാര്‍ക്രം 38 റണ്‍സും റിക്കില്‍ട്ടണ്‍ 35 റണ്‍സും സംഭാവന ചെയ്താണ് പുറത്തായത്.

ഇരുവര്‍ക്കും പിന്നാലെ ഒന്നിച്ച ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും ക്യാപ്റ്റന്‍ തെംബ ബാവുമയും 84 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. സ്റ്റബ്ബ്‌സ് 112 പന്തില്‍ 49 റണ്‍സും ബാവുമ 92 പന്തില്‍ 41 റണ്‍സുമാണ് നേടിയത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Ind vs SA: Senuran Muthusamy and kyle Verreynne build 50+ partnership against India; South Africa score exceeds 300

Latest Stories

We use cookies to give you the best possible experience. Learn more