സഞ്ജുവിന് വേണ്ടത് വെറും അഞ്ച് റണ്‍സ്, കാത്തിരിപ്പ് 44ാം ദിവസമെങ്കിലും അവസാനിക്കുമോ?
Cricket
സഞ്ജുവിന് വേണ്ടത് വെറും അഞ്ച് റണ്‍സ്, കാത്തിരിപ്പ് 44ാം ദിവസമെങ്കിലും അവസാനിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th December 2025, 6:30 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ ധര്‍മശാലയിലാണ് ഈ മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യയും പ്രോട്ടിയാസും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പമെത്തിനൊപ്പമാണ്.

നാളെ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണുകളെല്ലാം മലയാളി താരം സഞ്ജു സാംസണിലാണ്. ടി – 20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടും ഏഷ്യാ കപ്പിലടക്കം നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചിട്ടും താരം തുടര്‍ച്ചയായി ബെഞ്ചിലാണ് എന്നതാണ് ഇതിന് കാരണം.

സഞ്ജു സാംസൺ. Photo: LalitChandel/x.com

ഒപ്പം സഞ്ജുവിന് പകരം ഓപ്പണിങ്ങില്‍ എത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും സഞ്ജുവിനെ ചര്‍ച്ചയില്‍ സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലും പ്രോട്ടിയാസിനെതിരെ മൂന്നാം മല്‍സരത്തിലെങ്കിലും സഞ്ജുവിന് ഒരു അവസരം കിട്ടുമോയെന്നാണ് ആരാധകര്‍ ഓരോരുത്തരും ഉറ്റുനോക്കുന്നത്.

അങ്ങനെ ടീമില്‍ ഒരു ഇടം കണ്ടെത്താനായാല്‍ താരത്തിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന നേട്ടമാണ് താരത്തിന്റെ മുമ്പിലുള്ളത്.

ശുഭ്മൻ ഗിൽ. Photo: SomeshJangra/x.com

ഇതിനായി സഞ്ജുവിന് വേണ്ടത് വെറും അഞ്ച് റണ്‍സാണ്. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ താരത്തിന്റെ കാത്തിരിപ്പ് കൂടുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി ടി – 20യില്‍ കളിച്ചത്. ഒക്ടോബര്‍ 31നായിരുന്നു ഈ മത്സരം.

പിന്നീട് ആ പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇപ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരിക്കാനായിരുന്നു മലയാളി വിക്കറ്റ് കീപ്പറുടെ വിധി. അതായത് സഞ്ജു ടി – 20യില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് കളത്തില്‍ ഇറങ്ങിയിട്ട് 43 ദിവസമായി. 44ാം ദിവസത്തിലെങ്കിലും താരത്തിന് സ്വപ്ന നേട്ടത്തിലെത്താന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

Content Highlight: Ind vs SA: Sanju Samson needs 5 runs to complete 1000 T20I runs; will his 43 days long end in third match?