ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ (നവംബര്‍ 22) തുടക്കമാവും. 26 വരെ നടക്കുന്ന മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയം ത്തില്‍ അരങ്ങേറും. പരിക്കേറ്റ ശുഭ്മന്‍ ഗില്ലില്ലാത്തതിനാല്‍ ഇന്ത്യ റിഷബ് പന്തിന് കീഴിലാകും പ്രോട്ടിയാസിനെ നേരിടാന്‍ എത്തുക.
ഇപ്പോള്‍ ഈ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുണ്ടാവുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സാബ കരീം. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗില്‍ കളിക്കാന്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണെന്നും ക്യാപ്റ്റനായി റിഷാബ് പന്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്. പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു സാബ കരീം.
‘ശുഭ് മന്‍ ഗില്‍ കളിക്കാന്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ്. നിലവിലെ അവസ്ഥവെച്ച് സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍, അഞ്ച് ബൗളര്‍മാര്‍ എന്ന രീതിയിലേക്ക് തിരിച്ച് പോകണം. അതില്‍ രണ്ട് ഫാസ്റ്റ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമായിരിക്കും. ഇത്തരമൊരു ടീം ഗുവാഹത്തിയിലെ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യയെ സഹായിക്കും.
ക്യാപ്റ്റനെന്ന നിലയില്‍ റിഷബ് പന്ത് മികച്ച പ്രകടനം നടത്തും. വൈസ് ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അവന്റെ അനുഭവം വിലപ്പെട്ടതാണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അവനൊരു ലീഡര്‍ തന്നെയാണ്. എന്നാലും തന്റെ കഴിവിന് പന്ത് മുന്‍ഗണന നല്‍കണം,’ സാബ കരീം പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30 റണ്‍സ് അകലെ പുറത്താവുകയായിരുന്നു.