രണ്ടാമനാവാന്‍ 213 റണ്‍സിന്റെ ദൂരം; സേവാഗിന് മാത്രമുള്ള റെക്കോഡിലേക്ക് കണ്ണ് വെച്ച് രോഹിത്
Cricket
രണ്ടാമനാവാന്‍ 213 റണ്‍സിന്റെ ദൂരം; സേവാഗിന് മാത്രമുള്ള റെക്കോഡിലേക്ക് കണ്ണ് വെച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th November 2025, 10:24 pm

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് ടീമില്‍ ഇല്ലാത്തതിനാല്‍ കെ.എല്‍ രാഹുലാണ് ഈ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍.

ടെസ്റ്റില്‍ നേരിട്ട തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമെത്തുന്നത്. നാളെയാണ് (നവംബര്‍ 30) ഏകദിന പരമ്പരയിലെ ആദ്യം മത്സരം തുടക്കമാവുക. റാഞ്ചിയിലാണ് ഈ മത്സരം അരങ്ങേറുന്നത്.

പരമ്പരയില്‍ ഇതടക്കം മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഇന്ത്യയ്ക്ക് കരുത്ത് പകരാന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമുണ്ട്. അതിനാല്‍ തന്നെ ആരാധകരുടെ കണ്ണുകള്‍ ഈ മത്സരത്തിലേക്കാണ്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിനത്തിൽ കളിക്കുന്ന രോഹിത് ശർമ Photo:BCCI/x.com

ഇങ്ങനെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മുന്‍ നായകനായ രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ഓപ്പണര്‍ എന്ന നിലയില്‍ 16000 റണ്‍സ് നേടുന്ന താരമാകാനാണ് 38കാരന് അവസരമുള്ളത്.

ഇതിനായി താരത്തിന് വേണ്ടത് 213 റണ്‍സാണ്. നിലവില്‍ രോഹിത്തിന് 15787 റണ്‍സാണുള്ളത്. ഇത്രയും റണ്‍സ് പ്രോട്ടിയാസിനെതിരെയുള്ള പരമ്പരയില്‍ നേടിയാല്‍ ഈ നേട്ടത്തിലെ രണ്ടാം ഇന്ത്യന്‍ താരമാകാനും വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിക്കും.

നേരത്തെ, ഈ മാര്‍ക്ക് പിന്നിട്ട ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് മാത്രമാണ്. താരത്തിന് 16119 റണ്‍സാണുള്ളത്.

അതേസമയം, ഈ പരമ്പരയില്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കാനും രോഹിത്തിന് അവസരമുണ്ട്. 50 ഓവര്‍ ക്രിക്കറ്റിലെ മികച്ച സിക്‌സ് ഹിറ്ററാകാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് നേടാനുമാണ് താരത്തിന് സാധിക്കുക. മികച്ച സിക്‌സറടിക്കാരനാവാന്‍ മൂന്ന് സിക്‌സിന്റെ ദൂരമാണുള്ളത്. രണ്ടാം നേട്ടത്തിനാകട്ടെ വേണ്ടത് 98 റണ്‍സും.

Content Highlight: Ind vs SA: Rohit Sharma need 213 runs to complete 16000 runs as opener; Virender Sehwag is the only Indian to complete this milestone