സേവാഗിനെ വെട്ടി പന്ത്; ഇനി ഇവന്‍ ഇന്ത്യയുടെ 'തല'
Sports News
സേവാഗിനെ വെട്ടി പന്ത്; ഇനി ഇവന്‍ ഇന്ത്യയുടെ 'തല'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 1:32 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ 58 ഓവറുകള്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തിട്ടുണ്ട്. 27 പന്തില്‍ പത്ത് റണ്‍സെടുത്ത അക്സര്‍ പട്ടേലും രണ്ട് പന്തില്‍ റണ്ണൊന്നും നേടാതെ മുഹമ്മദ് സിറാജുമാണ് ക്രീസിലുള്ളത്. നിലവില്‍ ഇന്ത്യയ്ക്ക് മത്സരത്തില്‍ 21 റണ്‍സിന്റെ ലീഡുണ്ട്.

ഇന്ത്യക്കായി വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തിരികെ നടന്നത്. താരം 24 പന്തില്‍ 27 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് വീതം ഫോറും സിക്സും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ഒരു സൂപ്പര്‍ നേട്ടം വിക്കറ്റ് കീപ്പര്‍ക്ക് നേടാനായി.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടമാണ് പന്ത് സ്വന്തം പേരില്‍ കുറിച്ചത്. വിരേന്ദര്‍ സേവാഗിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇന്ന് പ്രോട്ടിയാസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ താരം 90 സിക്‌സുമായി സേവാഗിന് പിന്നിലായിരുന്നു. കൊല്‍ക്കത്തയില്‍ രണ്ട് സിക്‌സ് കൂടി അടിച്ചാണ് പന്ത് ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങൾ

(താരം – മത്സരം – സിക്സ് എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – 48 – 92

വിരേന്ദര്‍ സെവാഗ് – 103 – 91

രോഹിത് ശര്‍മ – 67 – 88

രവീന്ദ്ര ജഡേജ – 88 – 80

എം.എസ്.ധോണി – 90 – 78

ഇന്ത്യന്‍ നിരയില്‍ 119 പന്തില്‍ 39 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ ടോപ് സ്‌കോററായി. വാഷിങ്ടണ്‍ സുന്ദര്‍ (82 പന്തില്‍ 29), രവീന്ദ്ര ജഡേജ (45 പന്തില്‍ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. അതേസമയം, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മൂന്ന് പന്തില്‍ നാല് റണ്‍സുമായി റിട്ടയേര്‍ഡ് ഹാര്‍ട്ടായി മടങ്ങി.

സൗത്ത് ആഫ്രിക്കക്കായി സൈമണ്‍ ഹര്‍മാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സെന്‍ രണ്ടും കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ് എന്നിവരും ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind vs SA: Rishabh Pant surpassed Virender Sehwag in most sixes for India in Test Cricket