ചെന്നൈ ഇറക്കേണ്ടിയിരുന്ന പോസ്റ്ററാണ്! റെക്കോഡ്, ടെസ്റ്റ് കരിയര്‍ തിരുത്തിയ ജഡ്ഡുവിന് രാജസ്ഥാന്റെ അഭിനന്ദനം
Sports News
ചെന്നൈ ഇറക്കേണ്ടിയിരുന്ന പോസ്റ്ററാണ്! റെക്കോഡ്, ടെസ്റ്റ് കരിയര്‍ തിരുത്തിയ ജഡ്ഡുവിന് രാജസ്ഥാന്റെ അഭിനന്ദനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 12:40 pm

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം രവീന്ദ്ര ജഡേജ മടങ്ങിയെത്തിയിരിക്കുകയാണ്. ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള ട്രേഡില്‍ സഞ്ജു സാംസണ് പകരമായാണ് രവീന്ദ്ര ജഡേജയും ഒപ്പം സാം കറനും സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിയത്.

ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച ടീമിനൊപ്പം തന്നെ ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണ് ജഡേജയ്ക്ക് മുമ്പിലുള്ളത്.

ടീമിനൊപ്പം ഔദ്യോഗികമായി കരാറിലെത്തിയ ദിവസം തന്നെ ടെസ്റ്റ് കരിയറില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചു. 4,000 റണ്‍സ് താരം പൂര്‍ത്തിയാക്കി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ പത്ത് റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജഡ്ഡു 4,000 ടെസ്റ്റ് റണ്‍സ് മാര്‍ക് പിന്നിട്ടത്.

ഇതിന് പിന്നാലെ ഗംഭീര പോസ്റ്റര്‍ രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചത്. രാജസ്ഥാനിലെത്തിയതിന് പിന്നാലെയുള്ള താരത്തിന്റെ ആദ്യ കരിയര്‍ റെക്കോഡ് ടീം ആഘോഷമാക്കുകയാണ്.

4,000 ടെസ്റ്റ് റണ്‍സ് നേടിയതിന് പിന്നാലെ മറ്റൊരു നേട്ടവും ജഡ്ഡു സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ 4,000 റണ്‍സും 300+ വിക്കറ്റും നേടുന്ന ചരിത്രത്തിലെ നാലാമത് താരമെന്ന നേട്ടമാണ് ജഡ്ഡു സ്വന്തമാക്കിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 4,000 റണ്‍സും 300+ വിക്കറ്റും സ്വന്തമാക്കിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഇയാന്‍ ബോതം – ഇംഗ്ലണ്ട് – 5,200 – 383

കപില്‍ ദേവ് – ഇന്ത്യ – 5,248 – 434

ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 4,531 – 362

രവീന്ദ്ര ജഡേജ – ഇന്ത്യ – 4,000+* – 338

അതേസമയം, സൗത്ത് ആഫ്രിക്കയ്ക്കതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കവെ 49 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്. മൂന്ന് റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാം.

 

Content Highlight: IND vs SA: Ravindra Jadeja completes 4,00 Test runs