| Saturday, 29th November 2025, 10:56 pm

കുംബ്ലെയെ കറക്കി വീഴ്ത്താന്‍ ജഡേജ; മുന്നിലുള്ളത് വിക്കറ്റ് വേട്ടക്കാരുടെ സിംഹാസനം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിനത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരമിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (നവംബര്‍ 30) റാഞ്ചിയിലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് മൂന്ന് മത്സരങ്ങളാണ്.

ടെസ്റ്റില്‍ പ്രോട്ടിയാസിനോട് നേരിട്ട തോല്‍വിയിലെ നാണക്കേടില്‍ കരകയറാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ഈ മത്സരത്തിന് ഇറങ്ങുക. റാഞ്ചിയില്‍ ലക്ഷ്യ നേടാന്‍ കരുത്തായി സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമുണ്ട്. ഇവര്‍ക്കൊപ്പം വെറ്ററന്‍ താരം രവീന്ദ്ര ജഡേജയുമുണ്ട് ടീമില്‍.

ഈ പരമ്പരയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടമാണ് ജഡേജയെ കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് 36കാരന് സാധിക്കുക. ഇതിനായി താരത്തിന് വേണ്ടത് പത്ത് വിക്കറ്റുകളാണ്.

രവീന്ദ്ര ജഡേജ Photo: Ravindrasinh jadeja/X.com

നിലവില്‍ ജഡേജയ്ക്ക് 117 വിക്കറ്റുകളാണുള്ളത്. 81 മത്സരങ്ങള്‍ കളിച്ചാണ് ഓള്‍റൗണ്ടര്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. താരമിപ്പോള്‍ ഈ ലിസ്റ്റില്‍ രണ്ടാമതാണ്. പ്രോട്ടിയാസിനെതിരെയുള്ള മൂന്ന് മത്സരങ്ങളില്‍ പത്ത് വിക്കറ്റ് വീഴ്ത്താനായാല്‍ അനില്‍ കുംബ്ലെയെ മറികടക്കാന്‍ ജഡേജക്ക് സാധിക്കും.

കുംബ്ലെ 126 വിക്കറ്റുകളുമായാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. 90 ഹോം ഏകദിന മത്സരങ്ങളില്‍ കളിച്ചാണ് താരത്തിന്റെ ഈ വിക്കറ്റ് വേട്ട.

ഹോം ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, വിക്കറ്റുകള്‍

അനില്‍ കുംബ്ലെ – 126

രവീന്ദ്ര ജഡേജ – 117

ഹര്‍ഭജന്‍ സിങ് – 110

അജിത് അഗാര്‍ക്കര്‍ – 109

ജവഗല്‍ ശ്രീനാഥ് – 103

കപില്‍ ദേവ് – 109

അതേസമയം, പ്രോട്ടിയാസിനെതിരെ കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. പരിക്കേറ്റ് നായകന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമിന് പുറത്തായതിനാലാണ് രാഹുല്‍ വീണ്ടും ക്യാപ്റ്റനായത്.

Content Highlight: Ind vs SA: Ravindra Jadeja need 10 wickets to top the list of most ODI wickets for India at home by surpassing Anil Kumble

We use cookies to give you the best possible experience. Learn more