ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിനത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരമിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (നവംബര്‍ 30) റാഞ്ചിയിലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് മൂന്ന് മത്സരങ്ങളാണ്.
ടെസ്റ്റില്‍ പ്രോട്ടിയാസിനോട് നേരിട്ട തോല്‍വിയിലെ നാണക്കേടില്‍ കരകയറാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ഈ മത്സരത്തിന് ഇറങ്ങുക. റാഞ്ചിയില്‍ ലക്ഷ്യ നേടാന്‍ കരുത്തായി സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമുണ്ട്. ഇവര്‍ക്കൊപ്പം വെറ്ററന്‍ താരം രവീന്ദ്ര ജഡേജയുമുണ്ട് ടീമില്‍.
ഈ പരമ്പരയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടമാണ് ജഡേജയെ കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് 36കാരന് സാധിക്കുക. ഇതിനായി താരത്തിന് വേണ്ടത് പത്ത് വിക്കറ്റുകളാണ്.
രവീന്ദ്ര ജഡേജ Photo: Ravindrasinh jadeja/X.com
നിലവില്‍ ജഡേജയ്ക്ക് 117 വിക്കറ്റുകളാണുള്ളത്. 81 മത്സരങ്ങള്‍ കളിച്ചാണ് ഓള്‍റൗണ്ടര്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. താരമിപ്പോള്‍ ഈ ലിസ്റ്റില്‍ രണ്ടാമതാണ്. പ്രോട്ടിയാസിനെതിരെയുള്ള മൂന്ന് മത്സരങ്ങളില്‍ പത്ത് വിക്കറ്റ് വീഴ്ത്താനായാല്‍ അനില്‍ കുംബ്ലെയെ മറികടക്കാന്‍ ജഡേജക്ക് സാധിക്കും.
കുംബ്ലെ 126 വിക്കറ്റുകളുമായാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. 90 ഹോം ഏകദിന മത്സരങ്ങളില്‍ കളിച്ചാണ് താരത്തിന്റെ ഈ വിക്കറ്റ് വേട്ട.
അതേസമയം, പ്രോട്ടിയാസിനെതിരെ കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. പരിക്കേറ്റ് നായകന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമിന് പുറത്തായതിനാലാണ് രാഹുല്‍ വീണ്ടും ക്യാപ്റ്റനായത്.
Content Highlight: Ind vs SA: Ravindra Jadeja need 10 wickets to top the list of most ODI wickets for India at home by surpassing Anil Kumble