| Monday, 24th November 2025, 10:14 pm

ആദ്യ അവസരം ലഭിക്കേണ്ടത് ജെയ്‌സ്വാളിന്, സ്‌ക്വാഡിലുണ്ടെങ്കിലും അവന് കളിക്കാന്‍ സാധിക്കില്ല; തുറന്നടിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ നംവബര്‍ 30ന് ഏകദിന പരമ്പര ആരംഭിക്കും. റാഞ്ചിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.

സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിനെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര തലത്തിലും ഇന്ത്യ എ-യ്ക്ക് വേണ്ടിയും നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗെയ്ക്വാദ് ടീമില്‍ ഇടം കണ്ടെത്തിയത്. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവവും താരത്തിന് സ്‌ക്വാഡിലേക്കുള്ള വഴിയൊരുക്കി.

എന്നാല്‍ ഗെയ്ക്വാദിന് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കില്ല എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ പരമ്പരയില്‍ യശസ്വി ജെയ്‌സ്വാള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് ചോപ്ര വിലയിരുത്തുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ഋതുരാജ് വളരെയധികം റണ്‍സ് നേടിയതാണ് അവന് സ്‌ക്വാഡിലേക്കുള്ള വഴിയൊരുക്കിയത്. അഭിഷേക് ശര്‍മ ടീമിലേക്ക് വരുമോ എന്ന ചിന്തയുണ്ടായിരുന്നു, എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും അത് ചെയ്യാന്‍ സാധിക്കില്ല.

യശസ്വി ജെയ്‌സ്വാളിന് അവസരം ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. ഋതുരാജ് ഗെയ്ക്വാദിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവന് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജെയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് ഞാന്‍ കാണുന്നത്,’ ചോപ്ര പറഞ്ഞു.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: IND vs SA ODI: Aakash Chopra’s picks India’s opening pair

We use cookies to give you the best possible experience. Learn more