പ്രോട്ടിയാസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം; സൂപ്പര്‍താരം പുറത്ത്
Sports News
പ്രോട്ടിയാസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം; സൂപ്പര്‍താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th November 2025, 8:49 pm

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ നിന്ന് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. താരത്തെ സൗത്ത് ആഫ്രിക്ക എക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്‌കോട്ടില്‍ നവംബര്‍ 13 മുതല്‍ 19 വരെയാണ് ഏകദിന പരമ്പര നടക്കുക. മൂന്ന് മത്സരങ്ങളാണ് ഇതില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ പരമ്പരയ്ക്ക് ശേഷം രണ്ടാം ടെസ്റ്റിനായി നിതീഷ് ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ, മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ നിതീഷ് കുമാറിന് പ്ലെയിങ് ഇലവനില്‍ അവസരം ഉണ്ടാകില്ലെന്ന് ഇന്ത്യയുടെ അസിസന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞിരുന്നു, താരത്തിന് പകരക്കാരനായി ഒന്നാം ടെസ്റ്റില്‍ ധ്രുവ് ജുറെല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

നവംബര്‍ 14 മുതല്‍ 18 വരെയാണ് പ്രോട്ടീയാസിനെതിരെയുള്ള ഒന്നാം ടെസ്റ്റ് അരങ്ങേറുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരത്തിന്റെ വേദി.

ഇതിന് ശേഷം പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലും നടക്കും. ഈ 22 മുതല്‍ 26 വരെയാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

Content Highlight: Ind vs SA: Nitish Kumar Reddy released from Indian Squad, to play ODI series against South Africa ‘A’