17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; അപൂര്‍വ നേട്ടത്തില്‍ പ്രോട്ടിയാസ് ഇതിഹാസത്തിനൊപ്പം ബുംറ
Cricket
17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; അപൂര്‍വ നേട്ടത്തില്‍ പ്രോട്ടിയാസ് ഇതിഹാസത്തിനൊപ്പം ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 8:31 am

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടരുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയര്‍ 37 റണ്‍സെടുത്തിട്ടുണ്ട്. 59 പന്തില്‍ 13 റണ്‍സുമായി കെ.എല്‍. രാഹുലും 38 പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത് പ്രോട്ടിയാസ് 159 റണ്‍സിന് പുറത്തായിരുന്നു. ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സന്ദര്‍ശകരെ തകര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത്. 14 ഓവറില്‍ 1.93 എക്കോണമിയില്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യയില്‍ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ആദ്യം ദിനം തന്നെ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ താരം.

2008ല്‍ അഹമ്മദാബാദിലായിരുന്നു സ്റ്റെയിനിന്റെ ഫൈഫര്‍ നേട്ടം. അതിന് ശേഷം, 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്.

മത്സരത്തില്‍ ബുംറയ്ക്ക് പുറമെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് അക്സര്‍ പട്ടേലും നേടി.

അതേസമയം, സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 48 പന്തില്‍ 31 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി.

താരത്തിനൊപ്പം റയാന്‍ റിക്കില്‍ട്ടണ്‍ 22 പന്തില്‍ 23 റണ്‍സും വിയാന്‍ മില്‍ഡര്‍ 51 പന്തില്‍ 24 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ടോണി ഡി സോര്‍സിയും മധ്യനിരയില്‍ 55 പന്തില്‍ 24 റണ്‍സ് നേടി.

Content Highlight: Ind vs SA:  Jasprit Bumrah equals Dale Steyn’s record of fifer on first day of a Test match in India