ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് ഇനി ഏകദിന പരമ്പരയിലാണ് പ്രതീക്ഷകളത്രയും. ടെസ്റ്റില്‍ 25 വര്‍ഷങ്ങളുടെ ആധിപത്യമാണ് ആതിഥേയര്‍ അടിയറവ് പറഞ്ഞത്. പ്രോട്ടീയാസിനോട് ഒരു പരമ്പര ഇന്ത്യ സ്വന്തം നാട്ടില്‍ കൈവിട്ടിരുന്നത് 1999 -2000 കാലത്ത് നടന്ന മത്സരത്തിലായിരുന്നു.
അതിന് ശേഷം ഈ വര്‍ഷമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രോട്ടിയാസിനോട് സ്വന്തം നാട്ടില്‍ മുട്ടുകുത്തേണ്ടി വന്നത്. അതും പരമ്പരയിലെ രണ്ട് മത്സരത്തിലും ദയനീയമായ തോല്‍വിയാണ്. അതിനാല്‍ തന്നെ മെന്‍ ഇന്‍ ബ്ലൂവിന് ഈ പരമ്പരയെങ്കിലും സ്വന്തമാക്കണം. ഇത് വിജയിച്ച് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുക എന്നതാവും ഗംഭീറിന്റെയും കുട്ടികളുടെയും പ്രധാന ലക്ഷ്യം.
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പര്യടനത്തിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം Photo: BCCI/X.com
എന്നാല്‍, എല്ലാ ഫോര്‍മാറ്റിലും തെംബ ബാവുമയ്ക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രോട്ടിയാസിനെതിരെ ജയം ഇന്ത്യയ്ക്ക് അത്ര എളുപ്പമാവില്ല. പക്ഷേ, ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരകളില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം.
ഇന്ത്യയും പ്രോട്ടിയാസും ഇന്ത്യയില്‍ ഏഴ് തവണയാണ് ഏകദിന പരമ്പരകള്‍ കളിച്ചത്. അതില്‍ അഞ്ച് വീതം ഇന്ത്യ ജയിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക ഒരു തവണ മാത്രമാണ് വിജയിച്ചത്. ഒരു പരമ്പര സമനിലയിലും അവസാനിച്ചു.
പാകിസ്ഥാനുമായുള്ള ഏകദിന മത്സരത്തിനിടെ സൗത്ത് ആഫ്രിക്കൻ ടീം Photo: Proteas Men/X.com
2015 – 16 കാലഘട്ടത്തിലാണ് പ്രോട്ടിയാസ് ഇന്ത്യയില്‍ ഒരു പരമ്പര ജയിച്ചത്. അതായത് പത്ത് വര്‍ഷത്തിനടുത്തായി ഇന്ത്യയില്‍ പ്രോട്ടിയാസ് സംഘം ഒരു ഏകദിന പരമ്പര സ്വന്തമാക്കിയിട്ട്. അതിനാല്‍ തന്നെ ഈ നാണക്കേട് കൂടി അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ഏകദിനത്തിലെങ്കിലും തങ്ങളുടെ ഡോമിനേഷന്‍ നിലനിര്‍ത്താനാവും ഇന്ത്യയുടെ ലക്ഷ്യം.
എന്നാല്‍, ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരകളുടെ ചരിത്രം നോക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക ഒട്ടും പിന്നിലല്ല. ഇന്ത്യയും പ്രോട്ടിയാസും 15 തവണയാണ് ഏകദിന പരമ്പരകളില്‍ ഏറ്റുമുട്ടിയത്. ഇതില്‍ എട്ട് തവണ ഇന്ത്യ ജേതാക്കളായി. ആറ് തവണ സൗത്ത് ആഫ്രിക്ക വിജയിച്ചപ്പോള്‍ ഒരു തവണ പരമ്പര സമനിലയിലും അവസാനിച്ചു.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരകള്‍
(വര്‍ഷം – ഹോസ്റ്റ് – വിജയി – സ്‌കോര്‍ലൈന്‍ എന്നീ ക്രമത്തില്‍)