സൗത്ത് ആഫ്രിക്കക്ക് എതിരായ മൂന്നാം ടി – 20 യില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബൗളര്‍മാര്‍ എല്ലാവരും ഒരുപോലെ തിളങ്ങിയതോടെയാണ് ടീം വിജയം സ്വന്തമാക്കിയത്. ഒപ്പം ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 118 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ 25 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടന നടത്തിയത് യുവതാരം അഭിഷേക് ശര്‍മയാണ്. താരം 18 പന്തില്‍ മൂന്ന് വീതം സിക്സറും ഫോറുകളും അടിച്ച് 35 റണ്‍സാണ് നേടിയത്. കൂടാതെ, 28 പന്തില്‍ 28 റണ്‍സുമായി ശുഭ്മന്‍ ഗില്ലും തിളങ്ങി.
ഇവരെ കൂടാതെ 34 പന്തില്‍ 26 റണ്‍സുമായി തിലക് വര്‍മയും നാല് പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയും പുറത്താവാതെ നിന്നു. ഇരുവരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ കൂടെ നായകന്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. താരം 11 പന്തില്‍ വെറും 12 റണ്‍സുമായി പുറത്തായി.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി പ്രോട്ടിയാസിനായി എയ്ഡന്‍ മര്‍ക്രം മാത്രമാണ് തിളങ്ങിയത്. താരം 46 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 61 റണ്‍സെടുത്തു. ഒപ്പം ഡൊനോവന്‍ ഫെരേര (15 പന്തില്‍ 20), ആന്റിച്ച് നോര്‍ക്യ (12 പന്തില്‍ 12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും നേടി.
Content Highlight: Ind vs SA: Indian Cricket Team defeated South Africa in third T20I