അടിക്ക് തിരിച്ചടിച്ച് പ്രോട്ടിയാസ്; രണ്ടാം ഇന്നിങ്‌സില്‍ തുടക്കം പാളി ഇന്ത്യ
Sports News
അടിക്ക് തിരിച്ചടിച്ച് പ്രോട്ടിയാസ്; രണ്ടാം ഇന്നിങ്‌സില്‍ തുടക്കം പാളി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 1:00 pm

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ തുടക്കം പാളി ഇന്ത്യ. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. നിലവില്‍ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സ് എടുത്തിട്ടുണ്ട്.

വാഷിങ്ടണ്‍ സുന്ദറും വിക്കറ്റ് കീപ്പറെ ധ്രുവ് ജുറെലുമാണ് ക്രീസിലുള്ളത്. സുന്ദര്‍ 20 പന്തില്‍ അഞ്ച് റണ്‍സും ജുറെല്‍ 12 പന്തില്‍ നാല് റണ്‍സുമാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ബാറ്റിങ് തുടങ്ങി ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് യശസ്വി ജെയ്സ്വാളിനെയാണ്. നാല് പന്ത് നേരിട്ട താരം ഡക്കായാണ് മടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ മാര്‍ക്കോ യാന്‍സെന്റെ നാലാം പന്തിലായിരുന്നു താരത്തിന്റെ മടക്കം.

അടുത്ത ഓവര്‍ എറിയാന്‍ എത്തിയപ്പോള്‍ യാന്‍സെന്‍ കെ.എല്‍ രാഹുലിനെയും പുറത്താക്കി. താരം ആറ് പന്തില്‍ ഒരു റണ്‍സ് മാത്രം എടുത്താണ് തിരികെ നടന്നത്.

നേരത്തെ, സൗത്ത് ആഫ്രിക്കയെ ഇന്ത്യ 153 റണ്‍സിന് പുറത്താക്കിയിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ടീമിനെ സിറാജും ബുംറയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. സന്ദര്‍ശകര്‍ക്കായി ക്യാപ്റ്റന്‍ തെംബ ബാവുമ അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന് ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ബാവുമ 136 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് നേടിയത്. താരത്തിനൊപ്പം ബാറ്റിങ്ങിന് എത്തിയവര്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പെട്ടെന്ന് മടങ്ങിയത് ടീമിന് വിനയായത്. അതോടെ പ്രോട്ടിയാസിന്റെ പോരാട്ടം 153 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

Content Highlight: Ind vs SA: India lost two openers agaisnt South Africa