കൊൽക്കത്ത ടെസ്റ്റിൽ പ്രോട്ടിയാസിനെ എറിഞ്ഞിട്ട് സിറാജും ബുംറയും; ഇന്ത്യയ്ക്ക് കുഞ്ഞൻ വിജയലക്ഷ്യം
Cricket
കൊൽക്കത്ത ടെസ്റ്റിൽ പ്രോട്ടിയാസിനെ എറിഞ്ഞിട്ട് സിറാജും ബുംറയും; ഇന്ത്യയ്ക്ക് കുഞ്ഞൻ വിജയലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 11:25 am

കൊൽക്കത്ത ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയെ 153 റൺസിന് പുറത്താക്കി ആതിഥേയരായ ഇന്ത്യ. ഇതോടെ ആദ്യ ടെസ്റ്റിൽ ജയിക്കാൻ ആതിഥേയർക്ക് 124 റൺസിന്റെ വിജയലക്ഷ്യം ഉയർത്താനാണ് പ്രോട്ടീയാസിന് സാധിച്ചത്. ഒരു ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലോക ചാമ്പ്യന്മാരെ കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയത്.

സൗത്ത് ആഫ്രിക്ക: 159 & 153

ഇന്ത്യ: 189

വിജയലക്ഷ്യം: 124

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സന്ദർശകർക്കായി ക്യാപ്റ്റൻ തെംബ ബാവുമയും കോർബിൻ ബോഷുമായിരുന്നു ബാറ്റിങ് തുടർന്നത്. മത്സരം തുടങ്ങി 13 ഓവറുകൾ പിന്നിട്ടപ്പോൾ തന്നെ ബുംറ ബോഷിനെ മടക്കി. താരം 37 പന്തിൽ 25 റൺസുമായാണ് തിരികെ നടന്നത്.

പിന്നാലെയെത്തിയ സൈമൺ ഹാർമാരെ കൂട്ടുപിടിച്ച് ബാവുമ ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ, 18 റൺസ് ചേർത്തപ്പോഴേക്കും ഹാർമറെ സിറാജ് മടക്കി. താരം 20 പന്തിൽ ഏഴ് റൺസാണ് എടുത്തത്.

അതിന് ശേഷം പ്രോട്ടിയാസിനായി കേശവ് മഹാരാജ് ബാറ്റിങ്ങിനെത്തി. എന്നാൽ, സിറാജ് ഹാർമറെ പുറത്താക്കിയ അതേ ഓവറിലെ അവസാന പന്തിൽ താരത്തെയും പുറത്താക്കി. അതോടെ ടീമിന്റെ പോരാട്ടം 153 റൺസിന് അവസാനിച്ചു.

ക്യാപ്റ്റൻ ബാവുമ അർധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. 136 പന്തിൽ 55 റൺസാണ് താരം നേടിയത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. സിറാജിന് പുറമെ കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ നേടി. ബുംറയ്‌ക്കൊപ്പം അക്‌സർ പട്ടേലും ഒരു വിക്കറ്റ് സ്വന്തമാക്കി.

Content Highlight: Ind vs SA: India needs 124 runs to win in first Test against South Africa as Mohammed Siraj and Jasprit Bumrah take wickets