സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പരാജയമൊഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. അഞ്ച് വിക്കറ്റ് ശേഷിക്കെ 489 റണ്‍സ് കൂടി ചേര്‍ത്തുവെക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനാകൂ.
549 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിവസം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. യശസ്വി ജെയ്‌സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍. രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
അഞ്ചാം ദിവസത്തിന്റെ തുടക്കത്തിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഡ്രിങ്ക്‌സിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടു. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുല്‍ദീപ് യാദവിനെയും (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറെലിനെയും (മൂന്ന് പന്തില്‍ രണ്ട്) ഒറ്റ ഓവറില്‍ തന്നെ മടക്കി സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയത്.
