ഉയര്‍ന്ന ചെയ്സ് 117, ഇന്ത്യയ്ക്ക് വേണ്ടത് ഏഴ് റണ്‍സ് കൂടുതല്‍; കൊല്‍ക്കത്തയില്‍ പുതു ചരിത്രം പിറക്കുമോ?!
Cricket
ഉയര്‍ന്ന ചെയ്സ് 117, ഇന്ത്യയ്ക്ക് വേണ്ടത് ഏഴ് റണ്‍സ് കൂടുതല്‍; കൊല്‍ക്കത്തയില്‍ പുതു ചരിത്രം പിറക്കുമോ?!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 1:30 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ 24 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 55 റണ്‍സെടുത്തിട്ടുണ്ട്. 70 പന്തില്‍ 24 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും 18 പന്തില്‍ 13 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.

124 റണ്‍സിന്റെ വിജയലക്ഷ്യമാണ് പ്രോട്ടീയാസ് ഇന്ത്യന്‍ സംഘത്തിന് മുന്നില്‍ വെച്ചത്. ഈ റണ്‍സ് മറികടന്ന് ഇന്ത്യയ്ക്ക് വിജയം നേടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ നേടാനായാല്‍ ഇന്ത്യയ്ക്ക് പുതു ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ചെയ്സ് ചെയ്ത് ഒരു ടീം ജയിച്ച ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സാണ്.

2004ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്ക് എതിരെയാണ് ഈ വിജയം നേടിയത്. ഇന്നത്തെ മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ ഈ വിജയലക്ഷ്യം മറികടക്കാനായാല്‍ ഈ ചരിത്രമാണ് ആതിഥേയര്‍ക്ക് തിരുത്തിക്കുറിക്കാന്‍ സാധിക്കുക. ഇവിടെ നടന്ന പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് 100+ സ്‌കോര്‍ ചെയ്സ് ചെയ്ത് ഇന്ത്യ ജയിച്ചതെന്നും ഇതിന്റെ കൂടെ ചേര്‍ത്ത് വെക്കേണ്ടതാണ്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചെയ്സുകള്‍

(റണ്‍സ് – മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

117 – ഇന്ത്യ VS സൗത്ത് ആഫ്രിക്ക – 2004

79 – ഇന്ത്യ VS ഇംഗ്ലണ്ട് – 1993

41 – ഇംഗ്ലണ്ട് VS ഇന്ത്യ – 2012

39 – ഓസ്‌ട്രേലിയ VS ഇന്ത്യ – 1969

16 – ഇംഗ്ലണ്ട് VS ഇന്ത്യ – 1977

അതേസമയം, മത്സരത്തില്‍ ധ്രുവ് ജുറെല്‍, റിഷാബ് പന്ത്, കെ.എല്‍ രാഹുല്‍, യശ്വസി ജെയ്സ്വാള്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതില്‍ ജുറെല്‍ മാത്രമാണ് രണ്ടക്കം കടന്നത്. താരം 13 റണ്‍സെടുത്തപ്പോള്‍ പന്ത് രണ്ടും കെ.എല്‍ രാഹുല്‍ ഒരു റണ്‍സുമാണ് എടുത്തത്. ജെയ്സ്വാള്‍ ആദ്യ ഓവറില്‍ തന്നെ ഡക്കായി മടങ്ങിയിരുന്നു.

Content Highlight: Ind vs SA: Highest target successfully chased at Eden Gardens is 117 by India; can India rewrite history