സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും പാടെ നിരാശനാക്കി സൂപ്പര്‍ താരം ധ്രുവ് ജുറെല്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒറ്റയക്കത്തിന് മടങ്ങിയാണ് ജുറെല്‍ നിരാശനാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ 11 പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ മടങ്ങിയ ജുറെല്‍, രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പന്ത് നേരിട്ട് രണ്ട് റണ്‍സിനാണ് പുറത്തായത്.
കേവലം രണ്ടാം ടെസ്റ്റില്‍ മാത്രമല്ല, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും താരം പാടെ നിരാശപ്പെടുത്തിയിരുന്നു. 14 (14), 13 (34), 0 (11), 2 (3) എന്നിങ്ങനെയാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ താരത്തിന്റെ പ്രകടനം. 7.25 ശരാശരിയില്‍ നേടിയത് വെറും 29 റണ്‍സ്.
നേരത്തെ സൗത്ത് ആഫ്രിക്ക എ-യ്‌ക്കെതിരെ അണ്‍ഒഫീഷ്യല്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അപരാജിത സെഞ്ച്വറി നേടിയ ജുറെല്‍ ബാവുമയ്ക്കും സംഘത്തിനുമെതിരെ തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
ധ്രുവ് ജുറെല്‍ (Photo: BCCI)
ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എ പരാജയപ്പെട്ടെങ്കിലും ജുറെലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 255 റണ്‍സിന് പുറത്തായപ്പോള്‍ അതില്‍ 132 റണ്‍സും പിറന്നത് ജുറെലിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. 175 പന്ത് നേരിട്ടാണ് താരം പുറത്താകാതെ 132 റണ്‍സ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ഇന്ത്യ എ രണ്ടാം 382ന് പുറത്തായി. ഇത്തവണയും ജുറെലിന്റെ ബാറ്റ് തീ തുപ്പിയിരുന്നു. കെ.എല്‍. രാഹുലും സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 170 പന്ത് നേരിട്ട് ജുറെല്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു.
ധ്രുവ് ജുറെല്‍ (Photo: BCCI)
മറുവശത്ത് സൗത്ത് ആഫ്രിക്ക എ-യ്ക്കായി ആദ്യ നാല് താരങ്ങളും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ അക്കര്‍മാനും സംഘവും വിജയം പിടിച്ചടക്കുകയായിരുന്നു.
അതേസമയം, അവസാന ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 59 ഓവറില്‍ 459 റണ്‍സ് കൂടിയാണ് ഇന്ത്യയ്ക്ക് വിജയത്തിനാവശ്യമുള്ളത്.