കൊല്‍ക്കത്തയില്‍ ജുറെല്‍ കളിക്കും; സൂപ്പര്‍ താരം പുറത്തേക്ക്
Sports News
കൊല്‍ക്കത്തയില്‍ ജുറെല്‍ കളിക്കും; സൂപ്പര്‍ താരം പുറത്തേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th November 2025, 3:12 pm

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മത്സരങ്ങള്‍ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് പ്രോട്ടിയാസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ടെസ്റ്റ് പരമ്പരയോടെയാണ് ഇതിന് തുടക്കമാവുക.

പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 14ന് നടക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഈ മത്സരത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരം ടീമിലുണ്ടാവുമെന്ന് ഇന്ത്യയുടെ അസിസന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മത്സരത്തിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

ജുറെല്‍ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്തുമെന്നും റിഷബ് പന്തിനൊപ്പം കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ പുറത്തിരിക്കണ്ടി വരുമെന്നും ടെന്‍ ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു.

‘ഈ ടെസ്റ്റ് മത്സരത്തില്‍ അവനെ പുറത്തിരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ജുറെല്‍ തീര്‍ച്ചയായും ഈ ആഴ്ച കളിക്കും. അവന്‍ റിഷബ് പന്തിനൊപ്പം ടീമില്‍ ഉണ്ടാവും. നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഓസ്ട്രേലിയയില്‍ അവസരം നല്‍കിയിരുന്നില്ല. കൊല്‍ക്കത്തയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അവന്‍ ഈ ആഴ്ച പുറത്തിരിക്കേണ്ടി വരും,’ ടെന്‍ ഡോഷേറ്റ് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ജുറെലായിരുന്നു വിക്കറ്റ് കീപ്പര്‍ റോളില്‍ ഉണ്ടായിരുന്നത്. ഈ പരമ്പരയിലെ രണ്ട് ടെസ്റ്റിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്ന് ഇന്നിങ്‌സില്‍ കളിച്ച് ഒരു സെഞ്ച്വറിയടക്കം 175 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

കൂടാതെ, സൗത്ത് ആഫ്രിക്ക എക്കെതിരെയുള്ള അനൗദ്യോഗിക മള്‍ട്ടി ഡേ ടെസ്റ്റിലും ജുറെല്‍ ബാറ്റിങ്ങില്‍ തിളങ്ങി. രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മൂന്നക്കം കടന്നിരുന്നു.

മികച്ച പ്രകടനം നടത്തിയെങ്കിലും സൂപ്പര്‍ താരം റിഷബ് പന്ത് പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയതിനാല്‍ ജുറെല്‍ പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, ജുറെല്‍ ബാറ്ററായി എത്തുമെന്നാണ് ടെന്‍ ഡോഷേറ്റിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

 

Content Highlight: Ind vs SA: Dhruv Jurel will play in Kolkata Test against South Africa while Nitish Kumar Reddy will miss out