ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് പഞ്ചാബ് മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ വിജയിച്ചതിനാല്‍ 1 – 0ന്റെ ലീഡുമായാണ് ഇന്ത്യന്‍ സംഘമിന്നിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാല് റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ രണ്ടാം മത്സരത്തിന് മുമ്പ് ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഗില്‍ സ്‌കോര്‍ ചെയ്യേണ്ടതുണ്ടെന്നും താരം എന്തിനാണ് ടീമില്‍ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണെങ്കില്‍ കൂടി റണ്‍സ് നേടിയില്ലെങ്കില്‍ താരത്തിന് ടീമില്‍ തുടരാന്‍ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര Photo: Mufaddal Vohra/x.com
‘ഈ മത്സരം ശുഭ്മന്‍ ഗില്ലിന് ഏറെ പ്രധാനപ്പെട്ടതാണ്. അവന്റെ നാട്ടിലാണ് ഈ മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ അവന് സ്‌കോര്‍ നേടേണ്ടതുണ്ട്. അവന് കടുത്ത സമ്മര്‍ദമുണ്ട്. ഈ ഭാരം അവന് ഇറക്കിവെക്കണം. നിലവില്‍ ഗില്‍ എന്തുകൊണ്ടാണ് ടീമില്‍ തുടരുന്നതെന്ന ചോദ്യം ശക്തമാണ്.
ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് മറ്റ് ഓപ്ഷനുകളുണ്ടെന്നതിനാല്‍ സമ്മര്‍ദമുണ്ട്. ഗില്‍ ടെസ്റ്റ് – ഏകദിന ടീമുകളുടെ ക്യാപ്റ്റനും ടി – 20 ടീമിലെ വൈസ് ക്യാപ്റ്റനുമാണ്. ഒപ്പം ഇന്ത്യന്‍ മാനേജ്‌മെന്റ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരവുമാണ്. എന്നിരുന്നാലും സ്‌കോര്‍ ചെയ്യാതെ ടീമില്‍ തുടരുക ബുദ്ധിമുട്ടാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
ശുഭ്മൻ ഗിൽ രണ്ടാം മത്സരത്തിന് മുന്നോടിയുള്ള പരിശീലന സെഷനിൽ ബാറ്റ് ചെയ്യുന്നു Photo: BCCI/x.com
പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം ഫോമിന് പിന്നാലെ താരത്തിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള നിരവധി താരങ്ങളുടെ അവസരം കളഞ്ഞ് ടീമിലെത്തിയിട്ടും മികച്ച പ്രകടനങ്ങള്‍ ഗില്‍ നടത്തുന്നില്ലെന്നതാണ് വിമര്‍ശനങ്ങളുടെ കാതല്‍.
Content Highlight: Ind vs SA: Akash Chopra says the question why Shubhman Gill continues in the Indian T20I team is strong