ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. റാഞ്ചിയിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. സ്ഥിരം ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യ ഇറങ്ങുന്നത് പുതിയ ക്യാപ്റ്റന്റെ കീഴിലാണ്. കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്.
പ്രോട്ടിയാസിനോട് ടെസ്റ്റില്‍ ഏറ്റ നാണക്കേടില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ആദ്യ മത്സരത്തിന് എത്തുന്നത്. മറുവശത്ത് തെംബ ബാവുമയും സംഘവും ഒരുങ്ങുന്നത് ഏകദിനത്തിലും തങ്ങളുടെ മികവ് തുടര്‍ന്ന് പരമ്പര സ്വന്തമാക്കാനാണ്.
സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വീണ്ടും ഇറങ്ങുന്നതിനാല്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരത്തെ ആരാധകര്‍ വീക്ഷിക്കുന്നത്. ഇരുവരും എത്തുന്നതോടെ കരുത്തുറ്റ പോരാട്ടം തന്നെയുണ്ടാവും.
ഇരുവരും ഓസ്ട്രേലിയയില്‍ നടത്തിയ പ്രകടനം തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്ട്രേലിയക്ക് എതിരെ അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറിയും വിരാട് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. മറ്റൊരു സെഞ്ച്വറി പ്രോട്ടിയാസിനെതിരെയും പിറക്കുമോയെന്നാണ് ഏവരുടെയും ആകാംഷ.
ഇന്ത്യൻ ടീം
അങ്ങനെ പരമ്പരയില്‍ ഒരു സെഞ്ച്വറി പിറന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണം 7000 ആയി ഉയരും. ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി 6999 തവണ വിവിധ താരങ്ങള്‍ നൂറ് റണ്‍സ് നേടിയിട്ടുണ്ട്. 3999 മത്സരങ്ങളില്‍ 1160 താരങ്ങളാണ് മൂന്നക്കം കടന്നത്.
അതില്‍ 2202 എണ്ണം പിറന്നത് ഏകദിനത്തിലാണ്. അതിനാല്‍ തന്നെ മറ്റൊരു ഏകദിന പരമ്പരയ്ക്ക് ലോകം സാക്ഷിയാവുമ്പോള്‍ വീണ്ടും ഒരു ടണ്‍ പിറക്കുമോയെന്ന് കാത്തിരുന്ന് കാണാം. എങ്ങനെയായാലും ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ആരാധകരെ കാത്തിരിക്കുന്നത് ഒരു മികച്ച പോരാട്ടം തന്നെയുണ്ടാവുമെന്ന് ഉറപ്പാണ്.
Content Highlight: Ind vs SA: 6999 century so far in International Cricket; will the next one in the ODI series between India and South Africa