സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും തോറ്റ് ആതിഥേയര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 408 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് ഓള്‍ ഔട്ടായി.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 489 & 260/5d

ഇന്ത്യ: 201 & 140 (T:549)

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും ബാവുമയും സംഘവും ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഗുവാഹത്തിയിലും പരാജയപ്പെട്ടതോടെ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പരമ്പര സ്വന്തമാക്കാനും പ്രോട്ടിയാസിന് സാധിച്ചു.

ഹോം ടെസ്റ്റുകളില്‍ പരമ്പര നഷ്ടപ്പെടാതെ ഒരു പതിറ്റാണ്ടിലധികം തലയുയര്‍ത്തി നിന്ന ഇന്ത്യയുടെ അപ്രമാദിത്യം കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് ആണ് അവസാനിപ്പിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നിലും ഇന്ത്യ തോറ്റു. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പിലും ഇന്ത്യ പരമ്പര അടിയറവ് വെച്ചു.

സൗത്ത് ആഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെനും സേനുരന്‍ മുത്തുസാമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക സേനുരന്‍ മുത്തുസ്വാമിയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 206 പന്ത് നേരിട്ട താരം 109 റണ്‍സ് നേടി. 91 പന്തില്‍ 93 റണ്‍സടിച്ച മാര്‍കോ യാന്‍സെന്‍, 112 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സ്, 45 റണ്‍സടിച്ച കൈല്‍ വെരായ്നെ എന്നിവരും ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിന് കരുത്തായി.

മാര്‍കോ യാന്‍സന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ തകര്‍ന്നടിഞ്ഞത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റേതടക്കം ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ സ്വന്തമാക്കിയത്. സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കേശവ് മഹാരാജ് ശേഷിച്ച വിക്കറ്റും വീഴ്ത്തി.

 

 

Content Highlight: IND vs SA: 2nd Test: South Africa defeated India