ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ ഇന്ത്യ 42 ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയിട്ടുണ്ട്.
മത്സരത്തിൽ ഓപ്പണർ യശസ്വി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താരം അർഥ സെഞ്ച്വറി നേടി കരുത്ത് കാട്ടിയാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ഇതുവരെ താരം 100 പന്തുകൾ നേരിട്ട് 84 റൺസെടുത്തിട്ടുണ്ട്. 13 പന്തുകളെയാണ് താരം ഇതുവരെ ബൗണ്ടറി കടത്തിയത്.
അർധ സെഞ്ച്വറിക്ക് പിന്നാലെ ഒരു സൂപ്പർ നേട്ടം സ്വന്തമാക്കാൻ ജെയ്‌സ്വാളിനായി. സേന രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ഓപ്പണർ എന്ന നേട്ടമാണ് താരം സ്വന്തം പേരിൽ കുറിച്ചത്. അഞ്ച് 50+ സ്‌കോറുകൾ നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമയെ പിന്നിലാക്കിയാണ് ജെയ്‌സ്വാൾ ഈ നേട്ടത്തിൽ ഒന്നാമതെത്തിയത്. രോഹിത് സേന രാഷ്ട്രങ്ങളിൽ നാല് തവണയാണ് 50 + സ്കോർ അടിച്ചെടുത്തത്.
അതേസമയം, ജെയ്‌സ്വാളിന് കൂട്ടായി നായകൻ ശുഭ്മൻ ഗില്ലാണ് ക്രീസിലുള്ളത്. ഇന്ത്യൻ നായകൻ 77 പന്തുകൾ നിന്ന് 28 റൺസെടുത്താണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ, മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് രണ്ടാം മത്സരത്തിലും ഫോം തുടരാനാവാതെ മടങ്ങുകയായിരുന്നു. രാഹുലിന് 26 പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമാണ് നേടാനായത്. ഒമ്പതാം ഓവർ എറിയാൻ എത്തിയ ക്രിസ് വോക്‌സിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു.
വൺ ഡൗണായി എത്തിയ കരുൺ നായർ ജെയ്‌സ്വാളുമായി ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 80 റൺസാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. ശക്തമായി മുന്നേറിക്കൊണ്ടിരിക്കെ ബ്രൈഡന്‍ കാര്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സ്ഥാനക്കയറ്റം ലഭിച്ച കരുണിനെ കാർസ് ഹാരി ബ്രൂക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത് മിന്നൽ പ്രകടനം നടത്തിയ താരം 50 പന്തിൽ 31 റൺസെടുത്താണ് മടങ്ങിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ