പ്രഥമ ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിലെ ഹീഡിങ്‌ലീയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 85 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. യശസ്വി ജെയ്‌സ്വാൾ, ക്യാപ്‌റ്റൻ ശുഭ്മൻ ഗിൽ എന്നിവരുടെ ‘ഇരട്ട’ സെഞ്ച്വറിയാണ് ഇന്ത്യയെ ആദ്യ ദിനം തന്നെ മികച്ച സ്കോറിലെത്തിച്ചത്.
നിലവിൽ ക്യാപ്റ്റൻ ഗില്ലും വൈസ് ക്യാപ്റ്റൻ റിഷബ് പന്തുമാണ് ക്രീസിലുള്ളത്. 175 പന്തിൽ 16 ഫോറും ഒരു സിക്സുമടക്കം 127 റൺസുമായാണ് ഗിൽ ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഒപ്പം പന്ത് 102 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 65 റൺസുമായി ക്യാപ്റ്റന് കൂട്ടായുണ്ട്.
നേരത്തെ, യശസ്വി ജെയ്‌സ്വാൾ മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 158 പന്ത് നേരിട്ട് 101 റണ്‍സെടുത്തിരുന്നു. 16 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരിട്ട 144ാം പന്തിലാണ് ഇന്ത്യൻ ഓപ്പണർ ടെസ്റ്റില്‍ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു സൂപ്പർ നേട്ടവും താരത്തിന് സ്വന്തമാക്കാനായിരുന്നു. ഇംഗ്ലണ്ടിൽ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഇന്ത്യൻ ഓപ്പണറായിരുന്ന വീരേന്ദർ സേവാഗിനെ മറികടന്നാണ് 23കാരൻ ഈ നേട്ടത്തിലെത്തിയത്.
ഇംഗ്ലണ്ടിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം
(താരം – എതിരാളി – വേദി – വർഷം – പ്രായം എന്നീ ക്രമത്തിൽ)
സയ്യിദ് മുഷ്താഖ് അലി – ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ – 1936 – 21 വയസ് 221 ദിവസം
യശസ്വി ജെയ്‌സ്വാൾ – ഇംഗ്ലണ്ട് – ലീഡ്‌സ് – 2025 – 23 വയസ് 174 ദിവസം
വീരേന്ദർ സെവാഗ് – ഇംഗ്ലണ്ട് – നോട്ടിങ്‌ഹാം – 2002 – 23 വയസ് 292 ദിവസം
വിജയ് മർച്ചന്റ് – ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ – 1936 – 24 വയസ് 287 ദിവസം
നേരത്തെ, ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ താരവും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയ രാഹുലാണ് ആദ്യം പുറത്തായത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.