ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിന് കളമൊരുങ്ങുകയാണ്. ലണ്ടനിലെ ദി ഓവലിലാണ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1 എന്ന നിലയില്‍ മുമ്പിലാണ്. ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്‌സിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ് ആര്‍മി വിജയിച്ചപ്പോള്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. മാഞ്ചസ്റ്ററില്‍ മത്സരം സമനിലയിലും അവസാനിച്ചു.
‘ഞാന്‍ ഏറെ നിരാശനാണ്. വലുതുതോളില്‍ എനിക്ക് പരിക്കേറ്റിരിക്കുകയാണ്. ഈ വെല്ലുവിളിയും അഞ്ചാം മത്സരത്തിലെ വിജയമെന്ന പ്രതിഫലവും താരതമ്യം ചെയ്യുമ്പോള്‍ പരിക്കെന്ന വെല്ലുവിളിയാണ് ഏറ്റവും വലുതായിരിക്കുന്നത്. ഞാന്‍ റിഹാബിലേക്ക് മടങ്ങുകയാണ്. ഈ വിന്ററിലേക്കുള്ള മത്സരങ്ങളിലേക്കായിരിക്കും എന്റെ ശ്രദ്ധ,’ പരിക്കില്‍ ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചു.
പരമ്പരയിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റില്‍ സ്റ്റോക്സാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ബൗളിങ്ങില്‍ ഫൈഫര്‍ നേടിയ താരം ബാറ്റിങ്ങില്‍ സെഞ്ച്വറിയും നേടി.
ബെന്‍ സ്റ്റോക്സിന് പുറമെ ജോഫ്രാ ആര്‍ച്ചര്‍, ലിയാം ഡോവ്സണ്‍, ബ്രൈഡന്‍ കാര്‍സ് എന്നിവരും അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങില്ല.
അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് അഞ്ചാം മത്സരത്തില്‍ വിജയം അനിവാര്യമാണ്. നാല് ടെസ്റ്റുകള്‍ക്ക് ശേഷം 2-1 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഓവലില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 2-2 എന്ന നിലയില്‍ പരമ്പര സമനിലയിലെത്തിക്കാം.
സ്റ്റോക്സും ആര്‍ച്ചറും അടക്കമുള്ള മാച്ച് വിന്നേഴ്സിന്റെ അഭാവം മുതലെടുക്കാനായാല്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ പരമ്പരയില്‍ തന്നെ അഭിമാനത്തോടെ തിരികെ മടങ്ങാന്‍ ശുഭ്മന്‍ ഗില്ലിന് സാധിക്കും.