ഇവന്റെ 11 പന്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് നെടുംതൂണുകള്‍ കൂടാരത്തിലേക്ക്; ഇന്ത്യ പിടിമുറുക്കുന്നു
Sports News
ഇവന്റെ 11 പന്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് നെടുംതൂണുകള്‍ കൂടാരത്തിലേക്ക്; ഇന്ത്യ പിടിമുറുക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th July 2025, 8:23 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഇംഗ്ലണ്ട് ബാറ്റിങ് യൂണിറ്റിന്റെ താളം തെറ്റിച്ചാണ് സന്ദര്‍ശകര്‍ ലോര്‍ഡ്‌സ് പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് പ്രധാന താരങ്ങളെ പുറത്താക്കിയാണ് ഇന്ത്യ ഇംഗ്ലണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെയും വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്.

43ാം ഓവറിലെ നാലാം പന്തിലാണ് ജോ റൂട്ട് പുറത്തായത്. 96 പന്ത് നേരിട്ട് 40 റണ്‍സുമായാണ് മോഡേണ്‍ ഡേ ലെജന്‍ഡ് തരിച്ചുനടന്നത്. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു റൂട്ടിന്റെ മടക്കം. ആദ്യ ഇന്നിങ്‌സിലും ബൗള്‍ഡായാണ് ഗോള്‍ഡന്‍ ചൈല്‍ഡ് തിരിച്ചുനടന്നത്.

വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ച താരത്തിന് അമ്പേ പിഴയ്ക്കുകയും വിക്കറ്റ് നഷ്ടപ്പെടുത്തുകയുമായിരുന്നു.

റൂട്ട് പുറത്തായി അധികം വൈകാതെ ജെയ്മി സ്മിത്തും തിരിച്ചുനടന്നു. 46ാം ഓവറിലെ രണ്ടാം പന്തിലാണ് സ്മിത് മടങ്ങിയത്. റൂട്ടിനെ പുറത്താക്കിയ പന്തിന് ശേഷം താനെറിഞ്ഞ പത്താം പന്തില്‍ സ്മിത്തിനെയും സുന്ദര്‍ ബൗള്‍ഡാക്കി. 14 പന്തില്‍ എട്ട് റണ്‍സാണ് താരം സ്വന്തമാക്കിയത്.

നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 76 പന്തില്‍ 26 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സും 18 പന്തില്‍ ഏഴ് റണ്‍സുമായി ക്രിസ് വോക്‌സുമാണ് ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 199 പന്ത് നേരിട്ട് 104 റണ്‍സാണ് താരം അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറി നേടിയ ബ്രൈഡന്‍ കാര്‍സിന്റെയും ജെയ്മി സ്മിത്തിന്റെയും ഇന്നിങ്സുകളും ആതിഥേയര്‍ക്ക് തുണയായി. കാര്‍സ് 83 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്മിത് 56 പന്തില്‍ 51 റണ്‍സും നേടി. 44 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്സിന്റെയും ഒലി പോപ്പിന്റെയും പ്രകടനവും ഒന്നാം ഇന്നിങ്സ് ടോട്ടലില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

റൂട്ടിന്റെ സെഞ്ച്വറിക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. 177 പന്ത് നേരിട്ട താരം 100 റണ്‍സിന് മടങ്ങി.

112 പന്തില്‍ 74 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും 131 പന്തില്‍ 72 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റുമായി തിളങ്ങി. ബ്രൈഡന്‍ കാര്‍സും ഷോയ്ബ് ബഷീറുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

 

Content Highlight: IND vs ENG: Washington Sunder dismissed Joe Root and Jaimie Smith