ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ മൂന്നാം വിക്കറ്റുമായി വാഷിങ്ടണ്‍ സുന്ദര്‍. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദര്‍ നല്‍കിയ ബ്രേക് ത്രൂവിന്റെ കരുത്തിലാണ് ഇന്ത്യ പിടിമുറുക്കുന്നത്.
പിച്ച് സ്പിന്നിനെ തുണയ്ക്കാന്‍ ആരംഭിച്ചതോടെ വാഷിങ്ടണ്‍ വേട്ട തുടങ്ങി. ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയ മൂന്ന് തൂണുകള്‍ തകര്‍ത്താണ് സുന്ദര്‍ തിളങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജോ റൂട്ട്, അര്‍ധ സെഞ്ച്വറി നേടിയ ജെയ്മി സ്മിത്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ സ്വന്തമാക്കിയത്. മൂന്ന് താരങ്ങളെയും ബൗള്‍ഡാക്കിയാണ് സുന്ദര്‍ മടക്കിയത് എന്നതാണ് മറ്റൊരു പ്രത്യേകത.
റൂട്ട് 96 പന്തില്‍ 40 റണ്‍സിനും സ്റ്റോക്‌സ് 96 പന്തില്‍ 33 റണ്‍സും സ്വന്തമാക്കി. 14 പന്തില്‍ എട്ട് റണ്‍സാണ് ജെയ്മി സ്മിത്തിന് നേടാന്‍ സാധിച്ചത്.
സ്റ്റോക്‌സിന്റെ വിക്കറ്റിന് പിന്നാലെ കരിയറിലെ സുപ്രധാന നാഴികക്കല്ലും സുന്ദര്‍ താണ്ടി. നൂറ് അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയാണ് സൂപ്പര്‍ സ്പിന്നര്‍ തിളങ്ങിയത്.