ബുംറയുടെ അഭാവത്തിൽ അവൻ നല്ലൊരു ഓപ്ഷൻ; നിർദേശവുമായി വരുൺ ആരോൺ
Sports News
ബുംറയുടെ അഭാവത്തിൽ അവൻ നല്ലൊരു ഓപ്ഷൻ; നിർദേശവുമായി വരുൺ ആരോൺ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 4:36 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

ഇപ്പോൾ രണ്ടാം മത്സരത്തിന് മുന്നോടിയായി ടീമിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. ബുംറ കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് നല്ലൊരു ഓപ്ഷനാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം മത്സരത്തിൽ അവർ ഷർദുൽ താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം നല്ല റൺസ് സ്കോർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു വരുൺ ആരോൺ.

‘ബുംറ കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് നല്ലൊരു ഓപ്ഷനാണ്. അവന് പന്ത് നന്നായി പിച്ച് ചെയ്യാൻ കഴിയും. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ ബൗളിങ് നയിക്കുക. അപ്പോൾ ആകാശ് ദീപിനെ കളിപ്പിക്കണം.

ഈ മത്സരത്തിൽ അവർ ഷർദുൽ താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയ്ക്ക് അവന്റെ ബാറ്റിങ്‌ ആവശ്യമാണ്. അതുപോലെ അവൻ ഷർദുലിന്റെ അത്ര തന്നെ ബൗൾ ചെയ്യാനും സാധിക്കും. നിതീഷ് തീർച്ചയായും കൂടുതൽ റൺസ് സ്കോർ ചെയ്യും,’ വരുൺ ആരോൺ പറഞ്ഞു.

Content Highlight: Ind vs Eng: Varun Aaron says that Akash Deep is good choice if Jasprit Bumrah doesn’t play