അവൻ ഇന്ത്യൻ റോൾസ് റോയ്സ്; പ്രശംസയുമായി വരുൺ ആരോൺ
Sports News
അവൻ ഇന്ത്യൻ റോൾസ് റോയ്സ്; പ്രശംസയുമായി വരുൺ ആരോൺ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 7:17 am

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 387 പന്തുകൾ നേരിട്ട് 269 റൺസാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്.

ഇപ്പോൾ താരത്തെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. ഗിൽ ഒരു മികച്ച താരമാണെന്നും അവൻ ഒരു ഇന്ത്യൻ റോൾസ് റോയ്സാണെന്നും അദ്ദേഹം പറഞ്ഞു.

താരം തന്റെ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ഒരു അവസരവും നൽകിയില്ലെന്നും അത് നായകന്റെ മനോഭാവവും സംയമനവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു വരുൺ ആരോൺ.

‘അവനൊരു മികച്ച താരമാണ്. റോൾസ് റോയസുകളുടെ നാട്ടിൽ ഒരു ഇന്ത്യൻ റോൾസ് റോയ്സ് പ്രവർത്തിക്കുന്നതാണ് നമ്മൾ കണ്ടത്. വളരെ സ്മൂത്തായാണ് അവൻ ബാറ്റ് ചെയ്തത്. 269 റൺസ് സ്കോർ ചെയ്യുമ്പോൾ ഒരു അവസരം പോലും അവൻ നൽകിയില്ല.

ഇംഗ്ലണ്ട് പോലെ ഒരിടത്ത് ഒരുപാട് പന്തുകൾ നേരിടുമ്പോൾ പലപ്പോഴും താരങ്ങൾ ലൂസ് ഷോട്ടുകൾ കളിക്കാറുണ്ട്. പക്ഷെ, അവന്റെ ഇന്നിങ്സിൽ അങ്ങനെ ഒന്ന് ഇല്ലായിരുന്നു.

അത് അവന്റെ മനോഭാവവും സംയമനവുമാണ് ഇത് കാണിക്കുന്നത്. ഗില്ലിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററാവണമെന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത്. അത്തരമൊരു രീതിയിലാണ് അവൻ ചെയ്യുന്നത്,’ ആരോൺ പറഞ്ഞു.

മത്സരത്തിൽ നായകന് പുറമെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രവീന്ദ്ര ജഡേജയും ഓപ്പണർ യശസ്വി ജെയ്‌സ്വാളും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏഴാമനായി ഇറങ്ങിയ ജഡേജ 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സാണ് നേടിയത്. ജെയ്‌സ്വാൾ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. സുന്ദർ 103 പന്തില്‍ 42 റൺസും എടുത്തു.

Content Highlight: Ind vs Eng: Varun Aaron Praises Shubhman Gill