| Monday, 20th January 2025, 8:31 am

ഇനി വെറും രണ്ടേ രണ്ട് ദിവസം, വിരാടിന് പോലും നേടാന്‍ സാധിക്കാത്തത് സഞ്ജു ചെയ്തുകാണിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം.

ജനുവരി 22നാണ് ടി-20 പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം.

പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും അക്‌സര്‍ പട്ടേലിനെ സൂര്യയുടെ ഡെപ്യൂട്ടിയായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും ശക്തവും വിനാശകാരിയുമായ അസ്ത്രമായ സഞ്ജു സാംസണും സ്‌ക്വാഡിന്റെ ഭാഗമാണ്. കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം സഞ്ജുവായിരുന്നു. ബാക് ടു ബാക് സെഞ്ച്വറികള്‍ ഉള്‍പ്പടെ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി-20 ഐ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇന്ത്യയ്ക്കായി ടി-20 സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും 2024ലെ ഡോമിനന്‍സ് ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്.

ഇതിനൊപ്പം മറ്റൊരു നേട്ടത്തിലേക്കും സഞ്ജു ലക്ഷ്യം വെക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനുള്ള അവസരമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

ഇതുവരെ വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഈ പട്ടികയില്‍ നാലമനാകാനാണ് സഞ്ജു ഒരുങ്ങുന്നത്. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും താരത്തിന് സ്വന്തമാക്കാം.

ഇതിനൊപ്പം ടി-20യില്‍ ഇംഗ്ലണ്ടിനെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് മുമ്പിലുണ്ട്.

ടി-20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍

(താരം – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 117 – നോട്ടിങ്ഹാം – 2022

കെ.എല്‍. രാഹുല്‍ – 101* – മാഞ്ചസ്റ്റര്‍ – 2018

രോഹിത് ശര്‍മ – 100* – ബ്രിസ്‌റ്റോള്‍ – 2018

വിരാട് കോഹ്‌ലി – 80 – അഹമ്മദാബാദ് – 2021

വിരാട് കോഹ്‌ലി – 77* – അഹമ്മദാബാദ് – 2021

വിരാട് കോഹ്‌ലി – 73* – അഹമ്മദാബാദ് – 2021

ഒടുവില്‍ കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു, അതേ പ്രകടനം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

Content Highlight: IND vs ENG T20I Series: Sanju Samson aims for historic achievement

We use cookies to give you the best possible experience. Learn more