ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം.
ജനുവരി 22നാണ് ടി-20 പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം.
പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും അക്‌സര്‍ പട്ടേലിനെ സൂര്യയുടെ ഡെപ്യൂട്ടിയായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആവനാഴിയിലെ ഏറ്റവും ശക്തവും വിനാശകാരിയുമായ അസ്ത്രമായ സഞ്ജു സാംസണും സ്‌ക്വാഡിന്റെ ഭാഗമാണ്. കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം സഞ്ജുവായിരുന്നു. ബാക് ടു ബാക് സെഞ്ച്വറികള്‍ ഉള്‍പ്പടെ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി-20 ഐ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇന്ത്യയ്ക്കായി ടി-20 സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും 2024ലെ ഡോമിനന്‍സ് ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്.
ഇതിനൊപ്പം മറ്റൊരു നേട്ടത്തിലേക്കും സഞ്ജു ലക്ഷ്യം വെക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനുള്ള അവസരമാണ് സഞ്ജുവിന് മുമ്പിലുള്ളത്.
ഇതുവരെ വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഈ പട്ടികയില്‍ നാലമനാകാനാണ് സഞ്ജു ഒരുങ്ങുന്നത്. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും താരത്തിന് സ്വന്തമാക്കാം.