ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.
സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ടി-20 മത്സരങ്ങള്‍ക്കിറങ്ങുന്നത്. അക്‌സര്‍ പട്ടേലാണ് പരമ്പരയില്‍ സൂര്യയുടെ ഡെപ്യൂട്ടി.
കഴിഞ്ഞ കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനായ സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. ബംഗ്ലാദേശിനും സൗത്ത് ആഫ്രിക്കയ്ക്കും എതിരെ പുറത്തെടുത്ത അതേ പ്രകടനം താരം ജോസ് ബട്‌ലറിനും സംഘത്തിനും എതിരെയും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ പരമ്പരയില്‍ തന്റെ കരിയര്‍ തന്നെ തിരുത്തിയെഴുതാന്‍ പോന്ന രണ്ട് നേട്ടങ്ങളും സഞ്ജുവിന് മുമ്പിലുണ്ട്.
അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കാണ് സഞ്ജു ചുവടുവെക്കുന്നത്. നിലവില്‍ 810 റണ്‍സ് തന്റെ പേരില്‍ കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ഇംഗ്ലണ്ടിനെതിരെ 190 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 1,000 ടി-20ഐ റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലെത്താം.
നിലവില്‍ 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 932 റണ്‍സ് സ്വന്തമാക്കിയ പരിശീലകന്‍ ഗൗതം ഗംഭീറിനെയും മറികടന്നാകും സഞ്ജു ഈ റെക്കോഡിലേക്ക് കാലെടുത്ത് വെക്കുക.
ടി-20 ഫോര്‍മാറ്റില്‍ 7,500 റണ്‍സ് എന്ന റെക്കോഡാണ് ഈ പരമ്പരയില്‍ സഞ്ജുവിന് മുമ്പിലുള്ള മറ്റൊരു ലക്ഷ്യം. 207 റണ്‍സ് കൂടിയാണ് ഈ റെക്കോഡിലെത്താന്‍ സഞ്ജുവിന് ആവശ്യമുള്ളത്. ടി-20 ഫോര്‍മാറ്റില്‍ എം.എസ്. ധോണിക്ക് പോലും നേടാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടമാണിത്.
നിലവില്‍ കളിച്ച 277 ഇന്നിങ്‌സില്‍ നിന്നും 29.88 ശരാശരിയിലും 137.03 സ്‌ട്രൈക്ക് റേറ്റിലും 7,293 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയുമാണ് ടി-20യില്‍ സഞ്ജുവിന്റെ സമ്പാദ്യം.
ഇന്ത്യന്‍ ദേശീയ ടീമിനും ആഭ്യന്തര തലത്തില്‍ കേരളത്തിനും വേണ്ടി ബാറ്റെടുത്ത സഞ്ജു ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി റണ്ണടിച്ചുകൂട്ടി.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 382 – 12,886
രോഹിത് ശര്‍മ – 435 – 11,830
ശിഖര്‍ ധവാന്‍ – 331 – 9,797
സുരേഷ് റെയ്‌ന – 319 – 8,654
സൂര്യകുമാര്‍ യാദവ് – 280 – 7,875
കെ.എല്‍. രാഹുല്‍ – 213 – 7,586
എം.എസ്. ധോണി – 342 – 7,432
ദിനേഷ് കാര്‍ത്തിക് – 359 – 7,421
സഞ്ജു സാംസണ്‍ – 277 – 7,293
ജനുവരി 22നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം ആരംഭിക്കുക.