കൊടുങ്കാറ്റിന്റെ തിരിച്ചുവരവ്, ഒപ്പം കരുത്തായി സഞ്ജുവും; ഇംഗ്ലണ്ടിനെ തകര്‍ക്കാനുള്ള ഇന്ത്യന്‍ ടീം
Sports News
കൊടുങ്കാറ്റിന്റെ തിരിച്ചുവരവ്, ഒപ്പം കരുത്തായി സഞ്ജുവും; ഇംഗ്ലണ്ടിനെ തകര്‍ക്കാനുള്ള ഇന്ത്യന്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 8:55 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ഇടം നേടിയ ടീമില്‍ അക്‌സര്‍ പട്ടേലാണ് സൂര്യയുടെ ഡെപ്യൂട്ടി.

ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാഴള്ത്തുന്നത്. 2023 ലോകകപ്പിന് ശേഷം ഷമി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

 

2023 ലോകകപ്പിനിടെയാണ് ഷമിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. ഇതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പുമുടക്കമുള്ള ബിഗ് ഇവന്റുകള്‍ താരത്തിന് നഷ്ടമായിരുന്നു. ശേഷം ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ടീമിന്റെ ഭാഗമായിരുന്നില്ല.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലായിരിക്കും താരത്തിന്റെ തിരിച്ചുവരവ് എന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. ഇപ്പോള്‍ താരം പൂര്‍ണ ആരോഗ്യവാനായി ടീമിന്റെ നെടുംതൂണാകാന്‍ ഒരുങ്ങുകയാണ്.

ആഭ്യന്തര തലത്തില്‍ രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം നടത്തിയാണ് ഷമി തിരിച്ചുവരവ് റോയലാക്കാന്‍ ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.

ജനുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

 

Content Highlight: IND vs ENG T20 Series: India announces squad