ഇന്ത്യന്‍ ടീമിന് വിജയിക്കാന്‍ വേണ്ടതെല്ലാമുണ്ട്, അവരത് നേടും: റെയ്‌ന
Sports News
ഇന്ത്യന്‍ ടീമിന് വിജയിക്കാന്‍ വേണ്ടതെല്ലാമുണ്ട്, അവരത് നേടും: റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th July 2025, 5:12 pm

ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ്. പരമ്പരയില്‍ ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2 – 1ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചത്. അതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഏറെ നിര്‍ണായകമാണ്. സമനില സ്വന്തമാക്കാന്‍ അടുത്ത മത്സരത്തില്‍ ജയം അനിവാര്യമാണ്. നാലാം മത്സരം ജൂലൈ 23 മുതല്‍ 27 വരെയാണ് നടക്കുക.

ഇപ്പോള്‍ പരമ്പരയില്‍ തിരിച്ച് വരവ് നടത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നായകന്‍ ഗില്ലടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ഈ ടീമിന് ശക്തമായ ആഗ്രഹവും ഉത്സാഹവും ദൃഢനിശ്ചയവുമുണ്ടെന്നും അവര്‍ വിജയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് റെയ്‌ന.

‘ഇന്ത്യ ആദ്യ സെഷനില്‍ ജയിച്ചു, പിന്നെ തോറ്റു, പിന്നെ ജയിച്ചു, പിന്നെയും തോറ്റു. പക്ഷേ ശുഭ്മന്‍ ഗില്‍ വലിയ റണ്‍സ് സ്‌കോര്‍ ചെയ്തു. വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം നടത്തി. ജസ്പ്രീത് ബുംറ വളരെ മികച്ച ബൗളിങ് കാഴ്ച വെച്ചു.

ഓപ്പണറായി ഇറങ്ങി കെ.എല്‍. രാഹുല്‍ ടീമിന് വേണ്ട സ്ഥിരത നല്‍കി. കൂടാതെ, യശസ്വി ജെയ്സ്വാളും പിന്തുണനല്‍കി. പിന്നെ റിഷബ് പന്ത് വളരെ വ്യത്യസ്തമായി ബാറ്റ് ചെയ്തു. വിക്കറ്റ് കീപ്പിങ്ങിലും അവന്‍ മികവ് തെളിയിച്ചു.

ഈ ടീമിന് ശക്തമായ ആഗ്രഹവും ഉത്സാഹവും ദൃഢനിശ്ചയവുമുണ്ട്. വിജയിക്കാന്‍ ആവശ്യമായതെല്ലാം അവര്‍ക്കുണ്ട്. അവരത് നേടും. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്ററെന്ന നിലയിലും ഗില്ലിന് വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിയും. ഇതിനകം തന്നെ അവന്‍ മികവ് തെളിയിച്ചിട്ടുണ്ട്,’ റെയ്‌ന പറഞ്ഞു.

 

Content Highlight: Ind vs Eng: Suresh Raina backs Indian cricket team to make comeback in test series against England