ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ കണ്ട് എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനാണെന്ന് അടിവരയിട്ടുകൊണ്ടാണ് ലീഡ്സ് ടെസ്റ്റില്‍ റിഷബ് പന്ത് തകര്‍ത്തടിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരം രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി പൂര്‍ത്തിയാക്കി.
140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്.
ആദ്യ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റിഷബ് പന്ത് ഐ.പി.എല്ലില്‍ പുറത്തെടുത്ത സമ്മര്‍സോള്‍ട്ട് സെലിബ്രേഷനുമായാണ് നേട്ടം ആഘോഷിച്ചത്. രണ്ടാം ടെസ്റ്റിലും നൂറടിച്ച് സെഞ്ച്വറിയടിച്ചതിന് പിന്നാലെ പന്ത് ഒരിക്കല്‍ക്കൂടി കരണം മറിഞ്ഞ് ആഘോഷിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
എന്നാല്‍ ആരാധകരേക്കാള്‍ ഈ സെലിബ്രേഷനായി കാത്തിരുന്ന ഒരാള്‍ കൂടി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കറായിരുന്നു അത്.
പന്തിനോട് തലകുത്തി മറിഞ്ഞുള്ള സെലിബ്രേഷന്‍ പുറത്തെടുക്കാന്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അടുത്ത തവണയാകാമെന്നാണ് പന്ത് കളിക്കളത്തില്‍ നിന്നുകൊണ്ട് പറഞ്ഞത്.
Sunil Gavaskar asked Rishabh Pant to do his trademark somersault. Pant seemingly signs ‘later’ 😅😅
മോശം ഷോട്ട് സെലക്ഷന്റെ പേരില്‍ കമന്ററി ബോക്‌സിലിരുന്നുകൊണ്ട് തന്നെ ലോകം കേള്‍ക്കവെ സ്റ്റുപ്പിഡ് എന്ന് പലയാവര്‍ത്തി വിളിച്ച അതേ ഗവാസ്‌കറിനെ കൊണ്ടുതന്നെ കയ്യടിപ്പിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച റെഡ് ബോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തിളങ്ങുന്നത്.
അതേസമയം, ഹെഡിങ്ലി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു ചരിത്ര നേട്ടവും പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടമാണ് റിഷബ് രാജേന്ദ്ര പന്ത് സ്വന്തമാക്കിയത്.
He’s steely, He’s Bold 💥
When Rishabh Pant bats, the records are never on hold 😎